കോഴിക്കോട് - മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിക്കെതിരെ കേസെടുത്ത സംസ്ഥാന വനിതാ കമ്മിഷൻ നടപടിയെ പരിഹസിച്ച് മുൻ വിദ്യാഭ്യാസ മന്ത്രിയും പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ ഒരാളുമായ പി.കെ അബ്ദുറബ്ബ് രംഗത്ത്. ഇരട്ടച്ചങ്കന്റെ വനിതാ കമ്മിഷന് ഹൈസ്പീഡ് ഇരട്ടത്താപ്പ് എന്നാണ് പികെ അബ്ദുർറബ്ബ് സമൂഹമാധ്യമത്തിൽ വിമർശിച്ചത്.
'പൂതനയെന്ന് കേട്ടിട്ടും, അഭിസാരികയെന്ന് കേട്ടിട്ടും മറ്റേ പണി എന്ന് കേട്ടിട്ടും പാലത്തായി എന്ന് കേട്ടിട്ടും വാളയാർ എന്ന് കേട്ടിട്ടും; അവസാനം സിനിമാ നടൻ അലൻസിയർ വരെ വന്ന് വിളിച്ചുണർത്താൻ നോക്കിയിട്ടും ഉണരാത്ത വനിതാ കമ്മിഷനാണ് സാധനം എന്ന് കേട്ടപ്പോൾ ഞെട്ടിയുണർന്നിരിക്കുന്നത്. ഇരട്ടച്ചങ്കന്റെ വനിതാ കമ്മിഷന് ഹൈസ്പീഡ് ഇരട്ടത്താപ്പ്!' എന്നാണ് അബ്ദു റബ്ബ് ഫേസ്ബുക്കിൽ കുറിച്ചത്.
കഴിഞ്ഞദിവസമാണ് മലപ്പുറത്ത് നടന്ന ഒരു ലീഗ് പൊതുയോഗത്തിൽ ആരോഗ്യ മന്ത്രിക്കെതിരെ 'സാധനം' എന്ന് പരാമർശിച്ചതിന് സംസ്ഥാന വനിതാ കമ്മിഷൻ കെ.എം ഷാജിക്കെതിരെ കേസെടുത്തത്. മന്ത്രി വീണ ജോർജിനെതിരെ ഷാജി നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഷാജിയുടെ പ്രസ്താവന പാർട്ടി നിലപാടല്ലെന്നും അങ്ങനെ പറയാൻ ഇടയാക്കിയ സാഹചര്യം പരിശോധിക്കുമെന്നായിരുന്നു ഇതോടായി ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി അഡ്വ. പി.എം.എ സലാം പ്രതികരിച്ചത്.