സെപ്റ്റംബർ 25 ലോക ഫാർമസിസ്റ്റ്സ് ദിനം
ആരോഗ്യ രംഗത്ത് ഫാർമസിസ്റ്റുകൾ നൽകുന്ന സംഭാവനകളുടെ പ്രാധാന്യം ഓർമ്മപ്പെടുത്തിക്കൊണ്ടാണ് വീണ്ടുമൊരു ലോക ഫാർമസിസ്റ്റ് ദിനം ആഗതമായിരിക്കുന്നത്.
മോശം കൈയ്യക്ഷരമുള്ള ഒരു വ്യക്തിയെഴുതിയത് വായിക്കുമ്പോൾ ഒരാൾ ആദ്യം പറയുന്നത് ‘ഇത് വായിക്കണമെങ്കിൽ മെഡിക്കൽ ഷോപ്പിൽ കൊടുക്കണം’ എന്നാകും.ഡോക്ടർമാർ എഴുതുന്ന തീരെ മനസ്സിലാകാത്ത കുറിപ്പടി വരെ വായിച്ചെടുക്കുന്നവരാണല്ലോ ഫാർമസിസ്റ്റുകൾ ! മരുന്നുകളെ കുറിച്ച് ചോദിക്കാനുള്ള മടി കാരണം ഡോക്ടറോട് ചോദിക്കാത്ത സംശയങ്ങളും തീർത്ത് കൊടുക്കുന്നത് ഫാർമസിസ്റ്റുകൾ തന്നെയാണ്.
സുരക്ഷിതമായ ഔഷധോപയോഗത്തിനു ഫാർമസിസ്റ്റിന്റെ നിർദ്ദേശം കൃത്യമായി പാലിക്കേണ്ടത് അനിവാര്യമാണ്. പൊതുജനങ്ങൾക്ക് ഏറ്റവും എളുപ്പം പ്രാപ്യരായ ഔഷധ വിദഗ്ദ്ധരാണ് കമ്മ്യൂണിറ്റി ഫാർമസിസ്റ്റുകൾ. മരുന്ന്, അവയുടെ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട ഒരു സമൂഹത്തിലെ സമ്പർക്കത്തിന്റെ ആദ്യ കണ്ണിയാണ് കമ്മ്യൂണിറ്റി ഫാർമസിയിലെ രജിസ്റ്റേർഡ് ഫാർമസിസ്റ്റ്. ഇത് സമൂഹത്തിലെ ആരോഗ്യ പരിരക്ഷാ പരിപാടികൾ, പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ മൂല്യവത്താക്കി മാറ്റുവാൻ ഫാർമസിസ്റ്റിന് സാധിക്കുന്നു. എന്നിരുന്നാലും ഇന്ത്യയിൽ പലയിടത്തും നിർദിഷ്ട യോഗ്യതയില്ലാത്ത വ്യക്തികൾ നിയമവിരുദ്ധമായി ഫാർമസിസ്റ്റിന് പകരം ജോലി ചെയ്യുന്നതായി കാണപ്പെടുന്നുണ്ട്. ഇത് പൊതുജനങ്ങളുടെ ആരോഗ്യത്തെ ഹാനീകരമായി ബാധിക്കുന്ന ഒരു ഘടകമാണ്. തെറ്റായ മരുന്നുപയോഗം പലപ്പോഴും ഗുണത്തേക്കാൾ ദോഷം ചെയ്യാറുള്ളതായി കണക്കാക്കുന്നു. ലോകത്തിൽ അപകട മരണത്തേക്കാൾ കൂടുതൽ മരുന്നുകളുടെ തെറ്റായ ഉപയോഗം ആളുകളുടെ മരണത്തിനു കാരണമാകുന്നു എന്നാണ് ലോകാരോഗ്യസംഘടനയുടെ കണ്ടെത്തൽ. അവിടെയാണ് ഫാർമസിസ്റ്റുകളുടെ പ്രാധ്യാനത്തെ സംബന്ധിച്ച ചർച്ചകളും ഇടപെടലിന്റെയും അനിവാര്യത വിളിച്ചോതുന്നത്.
എല്ലാ വർഷത്തെയും പോലെ ഈ വർഷവും സംസ്ഥാനത്ത് ജില്ലകൾ തോറും വിവിധ പരിപാടികളോടെയാണ് ലോക ഫാർമസിസ്റ്റ്സ് ദിനാഘോഷം കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്നത് എന്ന് ജനറൽ സെക്രട്ടറി പി.പ്രവീൺ പറഞ്ഞു.