Sorry, you need to enable JavaScript to visit this website.

സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ സൗദി ഉറപ്പാക്കി

യു.എൻ പൊതുസഭയിൽ സൗദി അറേബ്യ

ജിദ്ദ- സ്വദേശികളുടെയും രാജ്യത്ത് കഴിയുന്ന വിദേശികളുടെയും മാനം കാത്തുസൂക്ഷിക്കാനും സംരക്ഷണം നൽകാനും മാന്യമായ ജീവിത മാർഗങ്ങൾ ഒരുക്കാനും സാമൂഹിക പരിചരണം നൽകാനും സൗദി അറേബ്യ നിരവധി നിയമനിർമാണങ്ങൾ നടത്തിയെന്ന് 78-ാമത് യു.എൻ ജനറൽ അസംബ്ലി യോഗത്തിൽ സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. സംയുക്ത പ്രാദേശിക ഉച്ചകോടികൾ സംഘടിപ്പിച്ച് മേഖലക്കും ലോകത്തിനും മികച്ച ഭാവി കെട്ടിപ്പടുക്കാൻ കൂട്ടായ പ്രവർത്തന രീതി സൗദി അറേബ്യ അവലംബിച്ചു. ഈ യോഗങ്ങളിൽ സിറിയ അടക്കം എല്ലാ രാജ്യങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തി. സിറിയൻ പ്രതിസന്ധിക്ക് പരിഹാരം കാണുന്നത് മേഖലയുടെയും ലോകത്തിന്റെയും സ്ഥിരതക്ക് സഹായകരമാകുമെന്ന് സൗദി അറേബ്യ വിശ്വസിക്കുന്നു. 
മേഖലയിൽ സ്ഥിരതയും സമാധാനവുമുണ്ടാക്കാൻ ലക്ഷ്യമിട്ട് ബഗ്ദാദിലും മസ്‌കത്തിലും ഇറാനുമായി സൗദി അറേബ്യ പലതവണ ചർച്ചകൾ നടത്തി. ഇതിന്റെ തുടർച്ചയെന്നോണം നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ ബെയ്ജിംഗിൽ ഇരു രാജ്യങ്ങളും കരാർ ഒപ്പുവെച്ചു. യെമനിൽ സമാധാനവും സ്ഥിരതയുമുണ്ടാക്കാൻ സൗദി അറേബ്യ ആഗ്രഹിക്കുന്നു. യെമൻ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ശ്രമിച്ചുള്ള മുഴുവൻ ശ്രമങ്ങളെയും സൗദി അറേബ്യ പിന്തുണക്കുന്നു. യു.എൻ രക്ഷാ സമിതി 2,216-ാം നമ്പർ പ്രമേയത്തിനും ഗൾഫ് സമാധാന പദ്ധതിക്കും യെമൻ ദേശീയ സംവാദത്തിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങൾക്കും അനുസൃതമായി യെമൻ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം കാണണം. യെമൻ യുദ്ധം അവസാനിപ്പിക്കാൻ സൗദി അറേബ്യ പദ്ധതികൾ മുന്നോട്ടുവെച്ചിട്ടുണ്ട്. 
സുഡാൻ സൈന്യവും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സസും തമ്മിലുള്ള ഏറ്റുമുട്ടലിൽ സൗദി അറേബ്യക്ക് ആശങ്കയുണ്ട്. പ്രതിസന്ധി കൂടുതൽ രൂക്ഷമാകാതെ നോക്കാൻ ശ്രമിച്ച് സുഡാനിൽ പരസ്പരം പോരടിക്കുന്ന കക്ഷികളെ പങ്കെടുപ്പിച്ച് സൗദി അറേബ്യ ജിദ്ദയിൽ സമാധാന ചർച്ചകൾ സംഘടിപ്പിച്ചു. സുഡാനിൽ സാധാരണക്കാർക്ക് സംരക്ഷണം നൽകാനും ദുരിതബാധിതർക്ക് റിലീഫ് വസ്തുക്കൾ എത്തിക്കാനും അമേരിക്കയുമായി സഹകരിച്ച് സൗദി അറേബ്യ പ്രവർത്തിക്കുന്നു. സൗദി പൗരന്മാരും സൗഹൃദ രാജ്യങ്ങളുടെ പൗരന്മാരും യു.എൻ ഉദ്യോഗസ്ഥരും അടക്കം സുഡാനിൽ കുടുങ്ങിയ ആയിരക്കണക്കിനാളുകളെ സൗദി അറേബ്യ സുരക്ഷിതമായി ഒഴിപ്പിച്ചിട്ടുണ്ട്. 
സുഡാൻ ജനതക്ക് സഹായങ്ങളെത്തിക്കാൻ ആവശ്യമായ വിഭവസമാഹരണത്തിന് സൗദി അറേബ്യ ജനകീയ സംഭാവന ശേഖരണ യജ്ഞം നടത്തിയിരുന്നു. സുഡാനിൽ റിലീഫ് വസ്തുക്കൾ എത്തിക്കാൻ 10 കോടി ഡോളർ നീക്കിവെക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിർദേശിച്ചിട്ടുണ്ടെന്നും ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. 
അമേരിക്കയിലെ സൗദി അംബാസഡർ റീമ ബിൻത് ബന്ദർ രാജകുമാരി, വിദേശകാര്യ സഹമന്ത്രിയും കാലാവസ്ഥാ കാര്യങ്ങൾക്കുള്ള സൗദി അറേബ്യയുടെ പ്രത്യേക ദൂതനുമായ ആദിൽ അൽജുബൈർ, സാമ്പത്തിക, ആസൂത്രണ മന്ത്രി ഫൈസൽ അൽഇബ്രാഹിം, വിദേശ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അബ്ദുറഹ്മാൻ അൽറസി, യു.എന്നിലെ സൗദി സ്ഥിരം പ്രതിനിധി ഡോ. അബ്ദുൽ അസീസ് അൽവാസിൽ, വിദേശ മന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറൽ അബ്ദുറഹ്മാൻ അൽദാവൂദ് എന്നിവർ യു.എൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കുന്ന സൗദി സംഘത്തിൽ ഉൾപ്പെടുന്നു.


 

Latest News