Sorry, you need to enable JavaScript to visit this website.

കേരളത്തിന്റെ രണ്ടാം വന്ദേഭാരത് വിവിധ സ്‌റ്റേഷനുകളിൽ എത്തുന്ന സമയവും ടിക്കറ്റ് നിരക്കും ഇങ്ങനെ...

ന്യൂഡൽഹി - പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്ത കേരളത്തിന്റെ രണ്ടാം വന്ദേഭാരത് കാസർഗോഡ്-തിരുവനന്തപുരം ട്രെയിനിന്റെ സർവീസ് ചൊവ്വാഴ്ച മുതൽ ആരംഭിക്കും. ആദ്യ വന്ദേ ഭാരതിൽ നിന്ന് വ്യത്യസ്തമായി രാവിലെ കാസർഗോഡ് നിന്ന് പുറപ്പെട്ട് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തുംവിധമാണ് ട്രെയിനിന്റെ യാത്രാസമയം ക്രമീകരിച്ചിട്ടുള്ളത്. ശേഷം വൈകീട്ട് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാത്രിയോടെ കാസർക്കോട്ടെത്തും.
 ട്രെയിൻ രാവിലെ ഏഴിനാണ് കാസർക്കോട്ടുനിന്ന് യാത്ര പുറപ്പെടുക. തുടർന്ന് രാവിലെ 7.55ന് ട്രെയിൻ കണ്ണൂരെത്തും. ചെയർകാറിന് 445 രൂപയും എക്‌സിക്യൂട്ടീവ് ചെയർകാറിന് 840 രൂപയുമാണ് കണ്ണൂർ വരെയുള്ള ടിക്കറ്റ് നിരക്ക്.  8.57നാണ് ട്രെയിൻ കോഴിക്കോടെത്തുക. 9.22ന് മലപ്പുറം ജില്ലയിലെ തിരൂരിലെത്തും. 9.58ന് ട്രെയിൻ ഷൊർണൂരെത്തും. 10.38നാണ് ട്രെയിൻ തൃശൂരിലെത്തുക. 11.45ന് ട്രെയിൻ കൊച്ചിയിലെത്തും. 
 ഉച്ചയ്ക്ക് 12.32നാണ് ആലപ്പുഴയിൽ എത്തുക. 1.40ന് ട്രെയിൻ കൊല്ലത്തും 3.05ന് ട്രെയിൻ തിരുവനന്തപുരത്തും എത്തും. 1555 രൂപയാണ് കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള ചെയർ കാർ നിരക്ക്. എക്‌സിക്യൂട്ടീവ് ചെയർകാറിലാണെങ്കിൽ 2835 രൂപയും. എട്ടു മണിക്കൂറും അഞ്ചു മിനുട്ടുമാണ് കാസർഗോഡ് നിന്ന് തിരുവനന്തപുരത്ത് എത്താൻ എടുക്കുന്ന സമയം. 
 തിരിച്ച് വൈകീട്ട് 4.05ന് ട്രെയിൻ കാസർക്കോട്ടേക്ക് പുറപ്പെടും. 6.35ന് വന്ദേ ഭാരത് കൊച്ചിയിലെത്തും. രാത്രി 8.52ന് മലപ്പുറം ജില്ലയിലെ തിരൂരിലും 9.23ന്  കോഴിക്കോട്ടുമെത്തും. 10.24ന് കണ്ണൂരിലെത്തുന്ന ട്രെയിൻ 11.58ന് ലക്ഷ്യസ്ഥാനമായ കാസർക്കോട്ടെത്തുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. 

Latest News