- പൊതുഖജനാവിൽ നിന്ന് ആനുകൂല്യം പറ്റുന്ന തെരെഞ്ഞെടുക്കപ്പെട്ട മന്ത്രിയുടെ വീഴ്ചകൾ മറച്ചുപിടിക്കാനും രക്ഷപ്പെടാനുമുള്ള പുകമറയല്ല സ്ത്രീത്വം. കെ.എം ഷാജിക്കെതിരായ കള്ളക്കേസുകളെ രാഷ്ട്രീയമായും നിയമപരമായും ചെറുത്തു തോല്പിക്കുമെന്നും കെ.പി.എ മജീദ്
കോഴിക്കോട് - ആരോഗ്യമന്ത്രി വീണ ജോർജിനെതിരായ കെ.എം ഷാജിയുടെ പരാമർശം തള്ളി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി അഡ്വ. പി.എം.എ സലാം രംഗത്തുവന്നതിന് പിന്നാലെ ഷാജിയുടെ പ്രസംഗത്തെ ന്യായീകരിച്ച് മുസ്‌ലിംലീഗ് മുൻ സംസ്ഥാന ജനറൽസെക്രട്ടറിയും പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ ഒരാളുമായ കെ.പി.എ മജീദ് എം.എൽ.എ രംഗത്ത്.
കെ.എം ഷാജി പറഞ്ഞത് ലീഗിന്റെ നിലപാടല്ലെന്നും ഷാജിയുടെ ഭാഗത്ത് നിന്ന് അങ്ങനെയൊരു പ്രസ്താവനയുണ്ടാകാനിടയായ സാഹചര്യം പരിശോധിക്കുമെന്നും പാർട്ടി ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം ശനിയാഴ്ച വൈകീട്ട് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാൽ, ഈ പ്രസ്താവന വന്നതിനുശേഷം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെ.പി.എ മജീദ്, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കൂടിയായ കെ.എം ഷാജിയുടെ പ്രസംഗത്തെ ന്യായീകരിച്ചും വനിതാ കമ്മിഷന്റെ അടക്കം നിലപാടുകളെ ചോദ്യംചെയ്തും രംഗത്തുവന്നത്. ഷാജിയുടെ പ്രസംഗം സ്റ്റേജിലിരുന്ന് താൻ നേരിൽ കേട്ടതാണെന്നും അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കി.
വീണാ ജോർജിനെതിരെയുള്ള പരാമർശത്തിൽ കെ.എം ഷാജിക്കെതിരെ കേസെടുത്ത വനിതാ കമ്മിഷൻ സ്ത്രീകളെ അപമാനിച്ചിരിക്കുകയാണെന്ന് കെ.പി.എ മജീദ് കുറ്റപ്പെടുത്തി. പൊതുഖജനാവിൽ നിന്ന് ആനുകൂല്യം പറ്റുന്ന തെരെഞ്ഞെടുക്കപ്പെട്ട മന്ത്രിയുടെ വീഴ്ചകൾ മറച്ചുപിടിക്കാനും രക്ഷപ്പെടാനുമുള്ള പുകമറയല്ല സ്ത്രീത്വം.
മുൻ ആരോഗ്യ മന്ത്രിയുടെ അത്ര പോലും പ്രാപ്തി ഇപ്പോഴത്തെ ആരോഗ്യ മന്ത്രിക്കു ഇല്ലെന്നു പ്രസംഗിച്ചത് എങ്ങനെയാണ് സ്ത്രീത്വത്തെ അപമാനിക്കലാവുക? മുൻ ആരോഗ്യ മന്ത്രിയും ഒരു സ്ത്രീ ആയിരുന്നു. സമ്മേളനം ഉദ്ഘാടനം ചെയ്ത് ഷാജിയുടെ പ്രസംഗം നേരിട്ട് കേട്ട വ്യക്തിയാണ് താനെന്നും കെ.പി.എ മജീദ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
സ്വമേധയാ ഇങ്ങനെ ഒരു കള്ളകേസെടുത്തവരെ സ്ത്രീയുടെ പരുശുദ്ധി ഓർമിപ്പിക്കേണ്ടി വരുന്നത് ലജ്ജാവഹമാണ്. വഹിക്കുന്ന സ്ഥലത്തിന്റെ അന്തസ് ഉയർത്തി പിടിക്കാനും വിമർശനത്തിനു മറുപടി നൽകാനും ത്രാണിയുള്ളവരാണ് സ്ത്രീകൾ. ശാരീരിക പീഡനത്തിനും സൈബർ ആക്രമണത്തിനും വനിതകളും പെൺകുട്ടികളും ഇരയാകുമ്പോൾ ഉറങ്ങുന്ന കമ്മിഷൻ മുസ്‌ലിം ലീഗ് നേതാവിനെതീരെ കേസെടുത്തതിന്റെ ചേതോവികാരം സാമാന്യ ബോധമുള്ള എല്ലാവർക്കും മനസ്സിലാവും. വാളയാർ സംഭവം മുതൽ ഉമ്മൻ ചാണ്ടിയുടെ പെണ്മക്കളെ വേട്ടയാടിയത് വരെ കമ്മിഷൻ നോക്കുകുത്തിയായ എത്രയോ സംഭവങ്ങൾ ഉണ്ട്.
സിപിഎം കളിപ്പാവയായി അധപതിക്കാതെ കുറച്ചെങ്കിലും നേരും നെറിയും കാണിക്കാൻ സുഗതകുമാരിയെ പോലുള്ളവർ നയിച്ച വനിതാ കമ്മിഷൻ തയ്യാറാവണം. ഇത്തരം കള്ളക്കേസുകളെ രാഷ്ട്രീയമായും നിയമപരമായും ചെറുത്തു തോല്പിക്കും. കേരള സമൂഹം ഇതെല്ലാം കാണുന്നുണ്ട് എന്നത് ഓർത്താൽ നന്നെന്നും കെ.പി.എ മജീദ് കുറിച്ചു.
ഇതിനെ അനുകൂലിച്ച് ഒട്ടേറെ പാർട്ടി പ്രവർത്തകരാണ് എഫ്ബിയിൽ പ്രതികരിച്ചത്. മുസ്‌ലിം ലീഗിലെ മറ്റുള്ള മുതിർന്ന നേതാക്കൾ ഇപ്പോഴും മൗനിയായിരിക്കുമ്പോൾ മജീദ് സാഹിബിന്റെ ഇടപെടൽ അഭിനന്ദനാർഹം. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഷാജിക്ക് സുരക്ഷിത താവളം നോക്കി പോകേണ്ടി വന്നിട്ടില്ല....പിണറായിക്കു നേരെ വിരൽ ചൂണ്ടി പിണറായിയുടെ കള്ളത്തരങ്ങൾ വിളിച്ചു പറഞ്ഞതിന്റെ പേരിൽ സർക്കാർ സംവിധാനങ്ങളുപയോഗിച്ച് രാഷ്ട്രീയ പകപോക്കലിനിറങ്ങിയപ്പോഴും പാർട്ടിയുടെയും യു.ഡി.എഫിന്റെയും നിലപാടുകളിൽ വെള്ളം ചേർക്കാതെ അതിശക്തമായി തന്നെ പോരാടിയിട്ടുണ്ട് കെ.എം ഷാജി...എന്നിങ്ങനെ ഷാജിക്കും കെ.പി.എ മജീദിന്റെ നിലപാടുകൾക്കും പിന്തുണ അറിയിച്ച് പ്രതികരണങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ, 'മജീദ് സാഹിബും സ്ത്രീകളെ 'സാധനം' എന്നാണോ വിളിക്കാറെന്നും' മറു പ്രതികരണങ്ങളും പോസ്റ്റിലുണ്ട്.