തിരുവനന്തപുരം - പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ വിജയത്തിനു പിന്നാലെ കോട്ടയം ഡി.സി.സിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരാദ്യം സംസാരിക്കണമെന്നതിനെച്ചൊല്ലി പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായുണ്ടായ തർക്കത്തിൽ പ്രതികരിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ.
പുതുപ്പള്ളിയിലെ വിജയത്തിന്റെ ക്രഡിറ്റ് തനിക്ക് വേണ്ടെന്നും വി.ഡി സതീശനുമായി ഒരു തർക്കവുമില്ലെന്നും നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് കൂടുതൽ ചോദ്യങ്ങളുയർന്നപ്പോൾ പുതുപ്പള്ളി തർക്കം അടഞ്ഞ അധ്യായമാണെന്നായിരുന്നു സുധാകരന്റെ മറുപടി.
പുതുപ്പള്ളിയിലെ ചരിത്ര നേട്ടത്തിന്റെ ആവേശം കെടുത്തുന്നതായിരുന്നു ഇരു നേതാക്കളുടെയും പത്രസമ്മേളന തർക്ക വിഡിയോ.
മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് തന്ത്രങ്ങളും മറുതന്ത്രങ്ങളുമായി പ്രചാരണം ആസൂത്രണം ചെയ്ത പ്രതിപക്ഷ നേതാവ് അന്ന് വാർത്താസമ്മേളനത്തിൽ സംസാരിക്കാത്തത് ചർച്ചയായിരുന്നു. ഈ തർക്ക വീഡിയോ സമൂഹമാധ്യമങ്ങളിൽ പുറത്തുവരും വരേയും, സതീശൻ സംസാരിക്കാതിരുന്നത് വേറിട്ട ശൈലിയാണെന്നൊക്കെ ന്യായീകരങ്ങളും വ്യാഖ്യാനങ്ങളുമുണ്ടായിരുന്നു. എന്നാൽ, പിന്നീട് തർക്ക ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വാർത്തായായത്.
സുധാകരൻ ആദ്യം മൈക്ക് ചോദിച്ചതിലെ അമർഷമായിരുന്നു വി.ഡി സതീശനെന്ന് പിന്നീട് ദൃശ്യങ്ങളിൽ തെളിഞ്ഞു. കെ.പി.സി.സി പ്രസിഡന്റായ താനാണ് ആദ്യം സംസാരിക്കേണ്ടതെന്ന് കെ സുധാകരൻ തർക്കിച്ചതോടെ, തന്റെ മുന്നിൽ വെച്ച ചാനൽ മൈക്കുകളെല്ലാം സതീശൻ, സുധാകരന്റെ അടുത്തേക്ക് നീക്കിവെക്കുകയായിരുന്നു. തുടർന്ന് സുധാകരൻ സംസാരിക്കുകയും ചെയ്തു. വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരിൽനിന്ന് പലവട്ടം പ്രതിപക്ഷ നേതാവിനോട് ചോദ്യങ്ങളുണ്ടായെങ്കിലും എല്ലാം പാർട്ടി പ്രസിഡന്റ് പറഞ്ഞിട്ടുണ്ട്. അതിൽ അപ്പുറം ഒന്നും തനിക്ക് പറയാനില്ലെന്നു പറഞ്ഞ് പ്രതികരണത്തിൽനിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.
സംഭവം പിന്നീട്, സമൂഹമാധ്യമങ്ങളിൽ ട്രോൾ മഴയായപ്പോൾ പ്രതിപക്ഷ നേതാവ് തർക്കമുണ്ടായ കാര്യം ശരിവെച്ചിരുന്നു. പുതുപ്പള്ളി വിജയത്തിന്റെ ക്രെഡിറ്റ് തനിക്ക് നല്കാനുള്ള സുധാകരന്റെ വാക്കുമായി ബന്ധപ്പെട്ട് പത്രസമ്മേളനം തുടങ്ങും മുമ്പേ തർക്കമുണ്ടായിരുന്നുവെന്നും അങ്ങനെ പറയാൻ പാടില്ലെന്നും കൂട്ടായ്മയുടെ റിസൾട്ടാണെന്ന് താനും പറഞ്ഞുവെന്നായിരുന്നു സതീശന്റെ വിശദീകരണം. ക്രെഡിറ്റ് തനിക്ക് ചാർത്താനാണ് സുധാകരൻ മൈക്ക് ചോദിച്ചതെന്നും അത് പറ്റില്ലെന്നായിരുന്നു തന്റെ നിലപാടെന്നുമായിരുന്നു സതീശന്റെ വ്യാഖ്യാനം.