കോഴിക്കോട് - ആരോഗ്യമന്ത്രി വീണ ജോർജിനെതിരായ കെ.എം ഷാജിയുടെ 'സാധനം' പരാമർശം തള്ളി മുസ്‌ലിം ലീഗ് നേതൃത്വം. ഷാജി പറഞ്ഞത് ലീഗിന്റെ നിലപാടല്ലെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു.
ഷാജിയുടെ ഭാഗത്ത് നിന്ന് അങ്ങനെയൊരു പ്രസ്താവനയുണ്ടാകാനിടയായ സാഹചര്യം പരിശോധിക്കുമെന്നും സലാം മാധ്യമങ്ങളോട് പറഞ്ഞു. ലീഗ് സംസ്ഥാന സെക്രട്ടറി കൂടിയായ ഷാജി കഴിഞ്ഞദിവസം മലപ്പുറത്തുനടത്തിയ പൊതുയോഗത്തിലാണ് മന്ത്രി വീണാ ജോർജിനെതിരെ അധിക്ഷേപ പരാമർശം നടത്തിയത്.
'അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ്' കേരളത്തിലെ ആരോഗ്യമന്ത്രിയെന്നായിരുന്നു ഷാജിയുടെ പരാമർശം. അവർ പൂർണ പരാജയമാണ്. വലിയ പ്രഗൽഭയൊന്നുമല്ലെങ്കിലും കെ.കെ ശൈലജക്ക് കാര്യങ്ങൾ ഏകോപിപ്പിച്ച് കൊണ്ടുപോകാനുള്ള കഴിവുണ്ടായിരുന്നു. അവരെ വെട്ടി. എന്നാൽ, നിലവിലെ ആരോഗ്യമന്ത്രിയുടെ യോഗ്യതയെന്താണ്? ഈ കപ്പലിന് ഒരു കപ്പിത്താനുണ്ടെന്ന നിയമസഭയിലെ പിണറായി സ്തുതിക്കുള്ള സമ്മാനമാണ് വീണാ ജോർജിന്റെ മന്ത്രിപദവിയെന്നും ഷാജി ആരോപിച്ചിരുന്നു.
ലീഗ് വേദികളിലെ തീ പൊരിയായ ഷാജിയുടെ പ്രസ്താവനക്കു പിന്നാലെ ഇടതു കേന്ദ്രങ്ങളിൽനിന്നും സംസ്ഥാന വനിതാ കമ്മിഷനിൽനിന്നുമെല്ലാം രൂക്ഷ വിമർശങ്ങളുണ്ടായെങ്കിലും ഷാജിയെ ന്യായീകരിച്ച് രണ്ടുദിവസമായിട്ടും സ്വന്തം പാർട്ടിയിൽനിന്നുപോലും ആരും രംഗത്തുവന്നിരുന്നില്ല. ഷാജി അനവസരത്തിൽ നടത്തുന്ന ഇത്തരം വൈകാരിക പ്രയോഗങ്ങൾ കൊണ്ട് യാതൊരു ഗുണവും ഇല്ലെന്നും പാർട്ടിയുടെ പ്രതിച്ഛായയെയാണത് ബാധിക്കുകയെന്നും വിമർശമുണ്ട്. രാഷ്ട്രീയം പറയുമ്പോൾ വസ്തുതകൾ നിരത്തി സംസാരിക്കുന്നതിനപ്പുറം വ്യക്തി അധിക്ഷേപങ്ങളിലേക്കും ചീത്ത വിളികളിലേക്കും പോകുന്ന സംസ്‌കാരം ലീഗിന്റേതല്ലെന്നും അത്തരം പ്രയോഗങ്ങൾ ആരു നടത്തിയാലും പ്രോത്സാഹിപ്പിക്കാനാവില്ലെന്നും തിരുത്തണമെന്നുമാണ് പാർട്ടി നേതാക്കൾ പറയുന്നത്. ലീഗിൽ പല കാര്യങ്ങളും മുഖത്തുനോക്കി സംസാരിക്കുന്നതിനാൽ പാർട്ടിക്കകത്തും പുറത്തും ഷാജിക്കെതിരെ അവസരത്തിന് തക്കം പാർത്തിരിക്കുന്നവർ പലരുണ്ട്. അവർക്ക് ഷാജിയെ അടിക്കാനുള്ള ഒരു വടി കിട്ടിയ സന്തോഷമുണ്ടാകുമെങ്കിലും ഷാജി പാർട്ടിയിൽ കൂടുതൽ കരുത്തോടെ ഇടത് നെറികേടിനെതിരെ തുടർന്നും പോരാടുമെന്നാണ് ഷാജിയെ അനുകൂലിക്കുന്നവർ പറയുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)