Sorry, you need to enable JavaScript to visit this website.

നിജ്ജാറിന്റെ തട്ടിപ്പുകളും ഇന്ത്യാ വിരുദ്ധതയും അന്വേഷിക്കാന്‍ കാനഡ വിമുഖ കാണിച്ചെന്ന് ഇന്ത്യ

ഒട്ടാവ- കൊല്ലപ്പെട്ട ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളും തട്ടിപ്പുകളും അന്വേഷിക്കാന്‍ കാനഡ വിമുഖത കാണിച്ചെന്ന് ഇന്ത്യ. നിജ്ജാറിന്റെ എല്ലാ തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ചും 1997ല്‍ കാനഡയിലേക്ക് പലായനം ചെയ്തതിനെ കുറിച്ചും ഇന്ത്യന്‍ ഏജന്‍സികള്‍ കനേഡിയന്‍ സര്‍ക്കാരിനെ അറിയിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് പരാതി. 

പ്രത്യേക സംഘടനയില്‍ പെട്ടതായതിനാല്‍ ഇന്ത്യയില്‍ പീഡനം ഭയന്ന് നിജ്ജാര്‍ കാനഡയില്‍ അഭയം തേടുകയായിരുന്നുവെന്ന് സ്രോതസ്സുകളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ നിജ്ജാറിന്റെ അഭയ അപേക്ഷ ആദ്യം നിരസിക്കുകയായിരുന്നു. 

1997ല്‍ രവി ശര്‍മ എന്ന വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് നിജ്ജാര്‍ കാനഡയിലേക്ക് പോയത്. 2018ല്‍ ഇന്ത്യ കാനഡയിലെ ട്രൂഡോ സര്‍ക്കാരിന് ഖാലിസ്ഥാനി പ്രവര്‍ത്തകരുടെ പട്ടിക കൈമാറിയപ്പോള്‍ അതില്‍ നിജ്ജാറിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നു.

അഭയം നിരസിക്കപ്പെട്ടതോടെ നിജ്ജാര്‍ തന്റെ കുടിയേറ്റം സ്പോണ്‍സര്‍ ചെയ്ത ഒരു സ്ത്രീയുമായി 'വിവാഹ' കരാറില്‍ ഏര്‍പ്പെടുകയായിരുന്നുവത്രെ. ആദ്യ ക്ലെയിം നിരസിക്കപ്പെട്ട് 11 ദിവസത്തിന് ശേഷമാണ് ഇത് സംഭവിച്ചതെങ്കിലും 1997ല്‍ മറ്റൊരു ഭര്‍ത്താവിന്റെ സ്‌പോണ്‍സര്‍ഷിപ്പിലാണ് യുവതി കാനഡയില്‍ എത്തിയത് എന്നതിനാല്‍ ഈ വിവാഹ കരാറും അപേക്ഷയും കാനഡ നിരസിക്കുകയായിരുന്നു. 

കാനഡയിലെ കോടതികളില്‍ അപ്പീല്‍ നല്‍കിയ നിജ്ജാറിന് പിന്നീട് കനേഡിയന്‍ പൗരത്വം ലഭ്യമാവുകയായിരുന്നു. എന്നാല്‍ എന്തു സാഹചര്യത്തിലാണ് പൗരത്വം അനുവദിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

നിജ്ജാറിനെതിരെ ഇന്ത്യയില്‍ കൊലപാതകത്തിനും മറ്റ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഒരു ഡസനിലധികം ക്രിമിനല്‍ കേസുകളുള്ളതിനാല്‍ 2014 നവംബറില്‍ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 
കേസുകളുടെ വിശദാംശങ്ങള്‍ ഇന്ത്യ കനേഡിയന്‍ അധികൃതരുമായി പങ്കുവെച്ചെങ്കിലും നടപടികളൊന്നും ഉണ്ടായില്ല. കനേഡിയന്‍ സര്‍ക്കാര്‍ നിജ്ജാറിനെ നോ ഫ്ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക മാത്രമാണ് ചെയ്തത്. ആര്‍ സി എന്‍ കഴിഞ്ഞിട്ടും തുടര്‍ നടപടികളൊന്നും സ്വീകരിച്ചില്ല.

2023 ജൂണ്‍ 18നാണ് ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരയുടെ പാര്‍ക്കിംഗ് സ്ഥലത്ത് നിജ്ജാര്‍ കൊല്ലപ്പെട്ടത്. ഈ കൊലപാതകത്തിന് ഉത്തരവാദികള്‍ ഇന്ത്യയാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചു. ആരോപണം തള്ളിയ ഇന്ത്യ, തെളിവുകള്‍ പുറത്തുവിടാന്‍ കാനഡയോട് ആവശ്യപ്പെട്ടിരുന്നു.

Latest News