അൽബാഹ- സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ജിദ്ദയിൽനിന്ന് അൽബാഹയിലെത്തിയ മലയാളി സംഘത്തിന്റെ മനം കവർന്ന് സൗദി പൗരൻ. ജിദ്ദയിൽനിന്ന് രണ്ടു ദിവസത്തെ വിനോദയാത്രക്കെത്തിയ തനിമ സംഘത്തിനാണ് ഗൂഗിളിനെ ആശ്രയിച്ചതു മൂലം വഴി മുടങ്ങിയത്.
പ്രിൻസ് ഹുസാം പാർക്കിലേക്കുള്ള മാർഗ മധ്യേയാണ് ഗൂഗിൾ മാപ്പ് കാണിച്ച ഷോർട്ട് കട്ട് പിന്തുടർന്നതു മൂലം യാത്രാസംഘത്തിന്റെ ബസ് റോഡിൽ കുടുങ്ങിയത്. ഇത് കണ്ട് വാഹനം നിർത്തി കാര്യങ്ങൾ അന്വേഷിച്ച സൗദി പൗരൻ കിലോമീറ്ററുകളോളം മുന്നിൽ സഞ്ചരിച്ച് വിനോദ യാത്രാ സംഘത്തിന്റെ ബസിന് പാർക്കിലേക്ക് വഴി കാണിക്കുകയായിരുന്നു.
ജിദ്ദയിലെ റിട്ട. അധ്യപകനായ സ്വദേശി പൗരന്റെ സേവന മനസ്സ് അക്ഷരാർഥത്തിൽ യാത്രാസംഘത്തിന്റെ മനം കവർന്നു. ജിദ്ദയിൽ താമസിക്കുന്ന ഇദ്ദേഹം മാതാപിതാക്കളെ സന്ദർശിക്കുന്നതിനാ അൽ ബാഹയിലെത്തിയത്.
യാത്രാസംഘത്തിലുള്ളവർ മുഴുവൻ സൗദി പൗരന്റെ നല്ല മനസ്സിനു നന്ദി പറഞ്ഞപ്പോൾ എന്തു സഹായം ചെയ്യാനും താൻ തയാറാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
വഴിയിൽ പ്രയാസപ്പെടുന്നവരെ സഹായിക്കുന്ന സൗദി പൗരന്മാർ പുതുമയല്ലെങ്കിലും ബസിന് സുഗമമായി പോകാവുന്ന റോഡിലെത്തിയിട്ടും യാത്രാ സംഘത്തെ ലക്ഷ്യസ്ഥാനമായ പാർക്കിലെത്തിക്കാതെ മടങ്ങാൻ തയാറായില്ല എന്നതാണ് ഇദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. യാത്രാ സംഘത്തിലുണ്ടായിരുന്നവരോടപ്പം ഫോട്ടോക്കും പോസ് ചെയ്താണ് സൗദി പൗരൻ മടങ്ങിയത്.
കുടുംബങ്ങളടക്കം അമ്പത് പേരടങ്ങുന്ന സംഘമാണ് വെള്ളിയാഴ്ച പുലർച്ചെ അൽബാഹയിലേക്ക് പുറപ്പെട്ടത്. രണ്ടു ദിവസത്തെ യാത്രയിൽ അൽബാഹയുടെ മനോഹാരിത ആവോളം ആസ്വദിച്ചാണ് മടങ്ങിയത്. ദേശീയ ദിനത്തിന്റെ ആഘോഷവേള കൂടിയായതിനാൽ അൽ ബാഹയുടെ ആകർഷണമായ വലിയ പാർക്കുകളെല്ലാം അണിഞ്ഞൊരുങ്ങിയിരുന്നു.
വിനോദയാത്രാ സംഘത്തിന് തനിമ ജിദ്ദ നോർത്ത് സോൺ എക്സിക്യുട്ടീവ് അംഗങ്ങളായ മുഹമ്മദലി എടത്തൊടി, വിളയാങ്കോട്, നൗഷാദ് ഇ.കെ, അശ്റഫ് എം.പി തുടങ്ങിയവർ നേതൃത്വം നൽകി.