ന്യൂയോർക്ക്- അമേരിക്കയിലെ മിഷിഗണിൽനിന്നുള്ള സുന്ദരമായ ഒരു കഥ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. തന്റെ രണ്ടു നായ്ക്കുട്ടികൾക്കൊപ്പം കാണാതായ രണ്ടു വയസുകാരിയുടെ കഥയാണിത്. കുഞ്ഞിനെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ കുട്ടിയെ കാട്ടിൽനിന്ന് കണ്ടെത്തി. ഒരു നായ്ക്കുട്ടിയുടെ ദേഹം തലയിണയായി ഉപയോഗിച്ചാണ് കുട്ടി കാട്ടിൽ കിടന്നുറങ്ങിയിരുന്നത്. ഡ്രോണുകളും പോലീസ് നായകളും പോലീസുകാരും പ്രദേശവാസികളും ചേർന്നാണ് തെരച്ചിൽ നടത്തിയത്. ഒരു നായ്ക്കുട്ടി കുഞ്ഞിനെ സുരക്ഷിതമായി സംരക്ഷിക്കുകയും ചെയ്തു. ഇത് ശരിക്കും ശ്രദ്ധേയമായ ഒരു കഥയാണെന്ന് ലെഫ്റ്റനന്റ് മാർക്ക് ജിയന്നൂൻസിയോ പറഞ്ഞു. ബുധനാഴ്ച രാത്രി 8 മണിയോടെ ഫെയ്‌തോണിൽ നിന്നാണ് തിയാ ചേസ് എന്ന പെൺകുട്ടിയെ കാണാതായത്. പിന്നീട് വീട്ടിൽ നിന്ന് ഏകദേശം മൂന്ന് മൈൽ അകലെയാണ് കുട്ടിയെ കണ്ടെത്തിയത്.