ന്യൂദല്‍ഹി- കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച അസമിലെ ദേശീയ പൗരത്വ പട്ടികയുടെ (എന്‍.ആര്‍.സി) അന്തിമ കരട് പട്ടിക രാജ്യത്ത് രക്തച്ചൊരിച്ചിലിനും ആഭ്യന്തര യുദ്ധത്തിനും വഴിയൊരുക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ദല്‍ഹിയില്‍ കത്തോലിക്ക ബിഷപ്പുമാരുടെ ദേശീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മമത. മുന്‍ രാഷ്ട്രപതി ഫഖ്‌റുദ്ദീന്‍ അലി അഹ്മദിന്റെ കുടുംബാംഗങ്ങള്‍ പോലും ഈ പൗരത്വ പട്ടികയില്‍ പുറത്താണെന്ന് മമത ചൂണ്ടിക്കാട്ടി. 'മുന്‍ രാഷ്ട്രപതിയുടെ കുടുംബാംഗങ്ങള്‍ അസമിലെ പൗരത്വ പട്ടികയില്‍ ഉള്‍പ്പെട്ടില്ലെന്ന വിവരം ഞെട്ടിപ്പിച്ചു. എന്താണ് ഇനിനെയൊക്കെ പറയുക. ഇങ്ങനെ നിരവധി പേരാണ് പുറത്തുള്ളത്,' മമത പറഞ്ഞു.
രാജ്യത്തെ ഭിന്നപ്പിച്ചു ഭരിക്കാനാണു കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ നീക്കണമെന്ന് മമത ആവര്‍ത്തിച്ചു. അവര്‍ ഭിന്നിപ്പിക്കാനാണു ശ്രമിക്കുന്നത്. ഇത് രാജ്യത്ത് രക്തച്ചൊരിച്ചിലിനും ആഭ്യന്തര യുദ്ധത്തിനും ഇടയാക്കും. ഇന്നലെ ഇവര്‍ക്ക് വോട്ട് ചെയ്ത 40 ലക്ഷത്തിലേറെ പേരെ ഇന്ന് സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികളെ പോലെ ആക്കിമാറ്റിയിരിക്കുകയാണ്- മമത പറഞ്ഞു.
ഇന്ത്യയ്ക്ക് ഇപ്പോള്‍ ഒരു മാറ്റം ആവശ്യമാണെന്നും ഇതു 2019ല്‍ സംഭവിച്ചെ മതിയാകൂവെന്നും മമത പറഞ്ഞു. ബിഹാറിലും ജാര്‍ഖണ്ഡിലും ഉത്തരാഖണ്ഡിലും സംഭവിച്ചത് ബംഗാളില്‍ സംഭവിക്കില്ല. അവിടെ ഞങ്ങളുണ്ട്. ഇതര സംസ്ഥാനക്കാര്‍ക്ക് മറ്റൊരു സംസ്ഥാനത്തേക്ക് പ്രവേശനം നിഷേധിക്കുന്ന ഘട്ടമെത്തിയാല്‍ പിന്നെ രാജ്യത്തിന്റെ അവസ്ഥ എന്താകുമെന്നും മമത ചോദിച്ചു.