Sorry, you need to enable JavaScript to visit this website.

മന്ത്രി ജലീലിന് ഒരു കോടിയിലേറെ രൂപയുടെ ഇൻഷൂറൻസ് പോളിസിയെന്ന് വ്യാജവാർത്ത

കോഴിക്കോട്- തന്റെ പേരിൽ വ്യാജവാർത്ത പ്രസിദ്ധീകരിച്ച മനോരമ ലേഖകനെതിരെ നടപടി വേണമെന്ന് മന്ത്രി കെ.ടി ജലീൽ. 1.10 കോടിയുടെ ഇൻഷുറൻസ് പോളിസി തനിക്കുണ്ടെന്ന് തെറ്റായ വാർത്ത നൽകിയതിനെതിരെ രൂക്ഷമായ പ്രതികരണവുമായി ജലീൽ ഫെയ്‌സ്ബുക്കിൽ കുറിപ്പിട്ടു. പൊതുപ്രവർത്തകരെ അപകീർത്തിപ്പെടുത്തുന്ന പത്രലേഖകരെ പറ്റി നാണം തോന്നുന്നുവെന്നും ജലീൽ വ്യക്തമാക്കി.

ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

വടകര തങ്ങൾ ആനയെ തുമ്മിയ ഒരു കഥയുണ്ട്. വാർത്തയറിഞ്ഞ ഒരു പാവം നാട്ടിൻപുറത്തുകാരൻ 'തങ്ങളു'ടെ അൽഭുത സിദ്ധി നേരിൽ കാണാൻ കൊണ്ടോട്ടിയിൽ നിന്ന് പുറപ്പെട്ടുവെത്രെ. രാമനാട്ടുകരയിലെത്തി കാര്യം തിരക്കിയപ്പോൾ ആനയല്ല കറുത്ത ഒരു പോത്താണെന്നാണ് അവിടുത്തുകാർ കേട്ടിരുന്നതെന്നറിഞ്ഞു. കാപ്പാടെത്തി അന്വേഷിച്ചപ്പോൾ പോത്തല്ല കറുത്ത ഒരാടാണെന്നാണത്രെ അവിടെ പ്രചരിച്ചിരുന്നത്. കൊയിലാണ്ടിയിലെത്തിയപ്പോൾ അതൊരു കറുത്ത പൂച്ചയായി. പയ്യോളിയിലെത്തിയപ്പോഴാണ് അറിഞ്ഞത് അതൊരു കാക്കയാണെന്ന്. വടകരയിലെത്തി കാര്യം തിരക്കിയപ്പോൾ മനസ്സിലായത് ആനയും പോത്തുമൊന്നുമല്ല ചോറിന്റെ കറുത്ത ഒരു വറ്റാണ് തങ്ങൾ തുമ്മിയപ്പോൾ തെറിച്ചിരിക്കുന്നതെന്നാണ്. ഈ പഴങ്കഥ ഇപ്പോൾ ഓർത്തത് എന്റെ ഇൻഷൂറൻസ് പോളിസിയുമായി ബന്ധപ്പെട്ട മനോരമ വാർത്ത ശ്രദ്ധയിൽ പെട്ടപ്പോഴാണ് .

എനിക്കും ഭാര്യക്കും കൂടി ഒരു കോടി പത്ത് ലക്ഷത്തിന്റെ ഇൻഷൂറൻസ് പോളിസിയുണ്ടെന്ന് ഇന്നത്തെ മനോരമയിൽ കണ്ടപ്പോൾ ഞാൻ തന്നെ അത്ഭുതപ്പെട്ടു . ഞാനറിയാതെ എന്റെ കുടുംബത്തെ സഹായിക്കാൻ മനോരമ ലേഖകൻ മാസം തോറും തൊണ്ണൂറായിരത്തിലേറെ രൂപ പ്രീമിയമടച്ച് 1.10 കോടി രൂപയുടെ പോളിസി തുടങ്ങിക്കാണുമെന്ന് കരുതി സന്തോഷിച്ചു. വിവരമറിയാൻ ശ്രമിച്ചപ്പോഴാണ് എന്റെയും ഭാര്യയുടെയും പേരിൽ 5.5 ലക്ഷത്തിന്റെ രണ്ട് പോളിസികൾ എന്നുള്ളത് ദശാംശം ശ്രദ്ധിക്കാതെ, കാര്യങ്ങൾ എത്രയും വേഗം ജനങ്ങളിലെത്തിക്കാനുള്ള തത്രപ്പാടിൽ മുൻപിൻ നോക്കാതെ 'അന്വേഷണാത്മക' പത്രപ്രവർത്തനത്തിന്റെ ഭാഗമായി പാവം ലേഖകൻ 5.5 എന്നുള്ളത് 55 ആണെന്ന് കരുതി 11 ലക്ഷത്തിന് പകരം 1.10 കോടിയാക്കി വാർത്ത കൊടുത്തതെന്ന് മനസ്സിലായത്. മറ്റു മന്ത്രിമാരുടെ കാര്യത്തിലും പോയിന്റ് വിട്ടാണ് വാർത്ത കൊടുത്തിരിക്കുകയെന്നാണ് കരുതുന്നത്. കേട്ടപാതി കേൾക്കാത്ത പാതി സോഷ്യൽ മീഡിയ അതേറ്റു പിടിച്ച് ട്രോളുകളുടെ പെരുമഴയും തീർത്തു കൊണ്ടിരിക്കുന്നു . പൊതുപ്രവർത്തകരെ അപകീർത്തിപ്പെടുത്താൻ കള്ളവാർത്തകൾ പടച്ചു വിടുന്ന പത്രലേഖകരെ കുറിച്ച് എന്താണ് പറയുക? കേവലമൊരു കയ്യബദ്ധമായി കാണേണ്ടതാണോ ഇത്തരം വാർത്തകൾ? തെറ്റിയെഴുതിയ പത്രം തൊട്ടടുത്ത ദിവസം ചരമക്കോളത്തിന് താഴെ തിരുത്ത് കൊടുത്തേക്കാം . അപ്പോഴേക്ക് 'വ്യാജൻ' എത്തേണ്ടിടത്തൊക്കെ എത്തിക്കഴിഞ്ഞിരിക്കും . പരമാവധി മാനക്കേട് ബന്ധപ്പെട്ടവർക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വരുത്തിയിട്ടുമുണ്ടാകും. ഇതിന്റെ ന്യായാന്യായതകൾ പരിശോധിക്കപ്പെടേണ്ടതല്ലേ ?

മനോരമയെപ്പോലെ ഒരു പത്രത്തിന്റെ മാനേജ്‌മെൻറ്, ഹിമാലയൻ തെറ്റുകൾ എഴുന്നള്ളിച്ച് വാർത്ത നൽകി ഒരാളെ അവഹേളിക്കുന്ന ലേഖകർക്ക് യോജ്യമായ ശിക്ഷ നൽകുമെന്ന് കരുതട്ടെ. ഇത്തരം തെറ്റുകൾ ആവർത്തിക്കപ്പെടാതിരിക്കാൻ ചില ശിക്ഷാ നടപടികൾ പ്രയോജനപ്പെട്ടേക്കാം . മനോരമ ശരിയായ വാർത്ത കൊടുക്കുമെന്നും ബന്ധപ്പെട്ട ലേഖകനെതിരെ നടപടിയെടുക്കുമെന്നും പ്രതീക്ഷിക്കുന്നു...
 

Latest News