Sorry, you need to enable JavaScript to visit this website.

'ബി.ജെ.പിയോടുള്ള അറപ്പും വെറുപ്പുമെല്ലാം മാറി'; മകന്റെ ബി.ജെ.പി പ്രവേശത്തിൽ എ.കെ ആന്റണിയുടെ ഭാര്യ എലിസബത്ത്

തിരുവനന്തപുരം - മകൻ അനിൽ ആന്റണിയുടെ ബി.ജെ.പി പ്രവേശത്തിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി രംഗത്ത്.
   ആന്റണി അറിയും മുമ്പേ അനിൽ ആന്റണി ബി.ജെ.പിയിൽ ചേരുന്ന കാര്യം തനിക്ക് അറിയാമായിരുന്നുവെന്നും അനിലിന് ബി.ജെ.പിയിൽ കൂടുതൽ അവസരങ്ങൾ കിട്ടുമെന്നാണ് കരുതുന്നതെന്നും എലിസബത്ത് കൃപാസനം യൂട്യൂബ് ചാനലിൽ വെളിപ്പെടുത്തി. 
 ചിന്തൻ ശിബിരത്തിൽ മക്കൾ രാഷ്ട്രീയത്തിനെതിരെ കോൺഗ്രസ് പ്രമേയം പാസാക്കിയെന്നും ഇതോടെ രണ്ടു മക്കൾക്കും എത്ര ആഗ്രഹിച്ചാലും രാഷ്ട്രീയത്തിലേക്ക് വരാൻ കഴിയാതെയായെന്നും എലിസബത്ത് ആന്റണി കുറ്റപ്പെടുത്തി. മാത്രവുമല്ല, മക്കളെ രാഷ്ട്രീയത്തിൽ വളർത്താൻ എ.കെ ആന്റണി ഒട്ടും ശ്രമിച്ചില്ലെന്നും ആലപ്പുഴ കലവൂരിലെ കൃപാസനം എന്ന ധ്യാനകേന്ദ്രത്തിൽ പ്രാർത്ഥിച്ചതു വഴിയാണ് തനിക്ക് മകന്റെ പുതിയ രാഷ്ട്രീയത്തെ അംഗീകരിക്കാനായതെന്നും അവർ പറഞ്ഞു. 
 എന്റെ മകന്റെ ഏറ്റവും വലിയ ആഗ്രഹം രാഷ്ട്രീയത്തിൽ ഇറങ്ങണമെന്നായിരുന്നു. അമ്മമാർ തങ്ങളുടെ മക്കളുടെ സ്വപ്‌നം സാക്ഷാത്കരിക്കാൻ ആഗ്രഹിക്കും. പക്ഷേ, എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല. അതുകൊണ്ട് ഞാൻ മാതാവിനോട് കരഞ്ഞുപറഞ്ഞു. എന്റെ മകന്റെ ഭാവി, അവന് ഇപ്പോൾ 39 വയസ്സായി. ഇതിന് ശേഷം മകൻ എന്നെ വിളിച്ചു. അമ്മേ, എന്നെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചു, ബി.ജെ.പിയിൽ ചേരാനാണ് പറയുന്നത്. ഒരുപാട് അവസരങ്ങൾ കിട്ടുമെന്നും പറയുന്നു. 
 പക്ഷേ, നമ്മൾ കോൺഗ്രസ് അല്ലേ, ബി.ജെ.പിയിലേക്ക് പോകുന്നത് ആലോചിക്കാൻ പോലും വയ്യ. അപ്പോൾ തന്നെ ധ്യാനകേന്ദ്രമായ കൃപാസനത്തിൽ എത്തി അച്ചൻ ജേക്കബിന്റെ കൈയിൽ ആവശ്യം എഴുതി കടലാസ് കൊടുത്തു. അപ്പോൾ വൈദികൻ അത് മാതാവിന്റെ സന്നിധിയിൽ വച്ച് പ്രാർത്ഥിച്ചു. ശേഷം, 'മകനെ തിരിച്ചുവിളിക്കേണ്ട. അവന്റെ ഭാവി ബി.ജെ.പിയിൽ ആണെന്ന് മാതാവ് കാണിച്ചു തരുന്നുണ്ടെന്ന്' വൈദികൻ പറഞ്ഞു. ബി.ജെ.പിയോടുള്ള അറപ്പും വെറുപ്പുമെല്ലാം അന്ന് മാതാവ് മാറ്റി തന്നുവെന്നും എലിസബത്ത് ചൂണ്ടിക്കാട്ടി.
 ബി.ജെ.പിയിൽ ചേർന്നതിനുശേഷം മകൻ രണ്ടുതവണ വീട്ടിൽ വന്നു. അച്ഛൻ പറഞ്ഞു: വീട്ടിൽ രാഷ്ട്രീയം പറയേണ്ടെന്ന്. അതനുസരിച്ച് വീട്ടിൽനിന്നപ്പോൾ ആന്റണിയും മകനെ സ്വീകരിച്ചു. സന്തോഷത്തോടെയാണ് മകൻ പോയതെന്നും അവനെ തിരിച്ച് കോൺഗ്രസിലേക്ക് കൊണ്ടുവരാൻ ശ്രമിക്കില്ലെന്നും എലിസബത്ത് ആന്റണി പറഞ്ഞു. അവിശ്വാസിയായ ആന്റണിയുടെ രോഗം മാറിയതും ആത്മവിശ്വാസം തിരിച്ചുകിട്ടിയതും ശേഷം കോൺഗ്രസ് പ്രവർത്തകസമിതിയിൽ പങ്കെടുത്തതുമെല്ലാം തന്റെ പ്രാർത്ഥനയുടെ ശക്തിയാണെന്നും താൻ കോൺഗ്രസിൽ തന്നെ ശക്തമായി തുടരുമെന്നും അവർ വ്യക്തമാക്കി. പ്രാർത്ഥനയ്ക്കിടെ അനുഭവസാക്ഷ്യം പങ്കുവെക്കുന്ന വീഡിയോ കൃപാസനം അധികൃതരാണ് സമൂഹമാധ്യമങ്ങൾ വഴി പുറത്തുവിട്ടത്.

Latest News