ബെംഗളൂരു - ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യത്തിൽ ചേർന്നതിന് പിന്നാലെ കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാര സ്വാമിയുടെ നേതൃത്വത്തിലുള്ള ജെ.ഡി.എസിൽ വൻ പൊട്ടിത്തെറി.
പാർട്ടിയുടെ മുതിർന്ന നേതാവും സംസ്ഥാന വൈസ് പ്രസിഡന്റുമായ ഷഫീഉല്ല ഖാൻ ജെ.ഡി.എസ് വിട്ടു. പ്രദേശിക നേതാക്കളും നേതൃതീരുമാനത്തിൽ പ്രതിഷേധിച്ച് രാജിവെച്ചിട്ടുണ്ട്. മറ്റൊരു മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയും പാർട്ടി സംസ്ഥാന ഉപാധ്യക്ഷനുമായ സി.എം ഇബ്രാഹീമും പാർട്ടി വിടാനുള്ള നീക്കങ്ങളിലാണ്.
ദേശീയ നേതൃ തീരുമാനങ്ങളിൽ വിയോജിപ്പുള്ളവർ ഭാവി കാര്യങ്ങൾ ചർച്ച ചെയ്യാൻ ബെംഗളൂരുവിൽ യോഗം ചേർന്നുവെന്നും 12 ജെ.ഡി.എസ് എം.എൽ.എമാർ കോൺഗ്രസുമായി ചേർന്ന് സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചതായും വിവരങ്ങളുണ്ട്. കർണാടക കോൺഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാർ ജെ.ഡി.എസ് പ്രവർത്തകരുമായും നേതാക്കളുമായും നിരന്തരമായി ആശയവിനിമയം തുടരുകയാണെന്നാണ് റിപോർട്ട്.
ജെ.ഡി.എസിന്റെ അടിത്തറ തോണ്ടുന്ന നിലപാടാണ് മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയും മകൻ കുമാരസ്വാമിയും കൂട്ടരും നടത്തിയതെന്നും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മാളത്തിലേക്കുള്ള പാർട്ടിയുടെ പോക്ക് അംഗീകരിക്കാനാവില്ലെന്നുമുള്ള ഉറച്ച നിലപാടാണ് പ്രാദേശിക തലത്തിൽ ഉയരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ കാലിടറിയെങ്കിലും ലോകസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി കൂട്ടുചേർന്ന് കർണാടകയിൽ നേട്ടങ്ങളുണ്ടാക്കാമെന്നാണ് സഖ്യത്തെ ന്യായീകരിക്കുന്നവരുടെ കണക്കുകൂട്ടൽ. ദേശീയ നേതൃത്വത്തിന്റെ ബി.ജെ.പി ചങ്ങാത്തത്തെ കേരളത്തിലെ ജെ.ഡി.എസ് നേതൃത്വം പൂർണമായും തള്ളിയിരിക്കുകയാണ്.