ന്യൂദൽഹി-കുടിശ്ശിക ബാക്കിയുള്ള സ്വകാര്യ വിമാനക്കമ്പനിയായ സ്‌പൈസ്‌ജെറ്റ് പ്രതിമാസം പത്ത് ലക്ഷം ഡോളർ വീതം ആറ് മാസത്തേക്ക് ക്രെഡിറ്റ് സ്യൂസ് എജിക്ക് നൽകണമെന്ന് സുപ്രീം കോടതി ഉത്തരവായി. ആറ് മാസത്തിനുള്ളിൽ കുടിശ്ശികയുടെ ഒരു ഭാഗം തീർക്കുന്നതിന് പ്രതിമാസം പത്ത് ലക്ഷം യുഎസ് ഡോളർ വീതം അടക്കാനാണ് നിർദേശം. ഏഴാം മാസം മുതൽ സ്വിസ് സ്ഥാപനത്തിന് അഞ്ച് ലക്ഷം യുഎസ് ഡോളർ നൽകുന്നത് പുനരാരംഭിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. എയർലൈൻ ഇതിനകം തന്നെ സ്വിസ് സ്ഥാപനത്തിന് പ്രതിമാസ ഗഡുവായി അഞ്ച് ലക്ഷം യുഎസ് ഡോളർ അടയ്‌ക്കുന്നുണ്ട്. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി സുപ്രീകം കോടതി ഒക്ടോബർ 20 ലേക്ക് മാറ്റി.
മുൻ ഉത്തരുവകൾ പാലിക്കുന്നതായി വിലയിരുത്തിയ സുപ്രീം കോടതി അടുത്ത ആറു മാസത്തിനുള്ളിൽ 30 ലക്ഷം യുഎസ് ഡോളർ കുടിശ്ശിക നൽകുമെന്ന തങ്ങളുടെ നിർദ്ദേശം അംഗീകരിക്കുകയും ചെയ്തുവെന്ന് സ്പൈസ് ജെറ്റ് പറഞ്ഞു.
കമ്പനിക്കും ഞങ്ങളുടെ പങ്കാളികൾക്കും ഇതൊരു നല്ല ഫലമാണെന്നും കോടതി തങ്ങളെ മനസ്സിലാക്കിയതിന് നന്ദിയുള്ളവരാണെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
സ്വിസ് കമ്പനി നൽകിയ 24 മില്യൺ ഡോളറിന്റെ ബില്ലുകൾ അടയ്ക്കാനുള്ള പ്രതിജ്ഞാബദ്ധത പാലിക്കുന്നതിൽ സ്‌പൈസ് ജെറ്റ് പരാജയപ്പെട്ടുവെന്നാണ് സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായുള്ള ക്രെഡിറ്റ് സ്യൂസ് എജിയുടെ പരാതി.
എയർക്രാഫ്റ്റ് എഞ്ചിനുകൾ, മൊഡ്യൂളുകൾ, ഘടകങ്ങൾ, എന്നിവയുടെ അറ്റകുറ്റപ്പണികൾക്കും മറ്റുമായാണ് സ്വിറ്റ്‌സർലൻഡിലെ എസ്ആർ ടെക്‌നിക്‌സിന്റെ സേവനങ്ങൾ സ്‌പൈസ് ജെറ്റ് പ്രയോജനപ്പെടുത്തിയിരുന്നത്.