ന്യൂദല്‍ഹി-ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ (ഇ.വി.എം) സോഫ്റ്റ്വെയര്‍ ഓഡിറ്റ് ചെയ്യണമെന്ന പൊതുതാത്പര്യ ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി.ഓഡിറ്റ് നടത്തണമെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് പരസ്യമാക്കണമെന്നും ആവശ്യപ്പെട്ട് സുനില്‍ അഹ്യ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. സോഫ്റ്റ്വെയറിന്റെ സോഴ്‌സ് കോഡ് പരസ്യമാകുന്നത് ഹാക്കിംഗിന് കാരണമായേക്കുമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദ്ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. നയപരമായ വിഷയത്തില്‍ ഇടപെടാന്‍ കോടതി ആഗ്രഹിക്കുന്നില്ല. സുരക്ഷാ വിഷയവുമുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഭരണഘടനാപരമായ ഉത്തരവാദിത്വം ലംഘിച്ചുവെന്ന് കാണിക്കുന്ന യാതൊരു തെളിവും ഹര്‍ജിക്കാരന്‍ ഹാജരാക്കിയിട്ടില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.