ഒട്ടാവ- ബ്രിട്ടീഷ് കൊളംബിയയിൽ ഖാലിസ്ഥാൻ നേതാവിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ സർക്കാർ ഏജന്റുമാർക്ക് പങ്കുണ്ടെന്നതിന്റെ തെളിവുകൾ കാനഡ ആഴ്ചകൾക്ക് മുമ്പ് തന്നെ ഇന്ത്യക്ക് കൈമാറിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്ത്യക്ക് പങ്കുണ്ട് എന്നതിന്റെ വിശ്വസനീയമായ തെളിവുകൾ ഇന്ത്യൻ സർക്കാറിന് ആഴ്ചകൾക്ക് മുമ്പു തന്നെ കൈമാറിയിട്ടുണ്ടെന്ന് ജസ്റ്റിൻ ട്രൂഡോ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ഇന്ത്യയുമായി ക്രിയാത്മകമായി ചേർന്നു പ്രവർത്തിക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്. വളരെ ഗുരുതരമായ ഈ വിഷയത്തിന്റെ അടിത്തട്ടിൽ എത്താൻ ഇന്ത്യ ഞങ്ങളുമായി ഇടപഴകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ട്രൂഡോ പറഞ്ഞു.
ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ഇന്ത്യൻ സർക്കാർ ഏജന്റുമാരെ ബന്ധിപ്പിക്കുന്ന വിശ്വസനീയമായ രഹസ്യാന്വേഷണ തെളിവുകൾ ഒട്ടാവയ്ക്ക് ഉണ്ടെന്ന് ട്രൂഡോ തിങ്കളാഴ്ച പറഞ്ഞിരുന്നു. ഇതോടെയാണ് ഇന്ത്യയും കനഡയും തമ്മിലുള്ള ബന്ധം മോശമായത്. കൊല്ലപ്പെട്ട 45 കാരനായ നിജ്ജാർ കനേഡിയൻ പൗരനായിരുന്നു.
യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവ ഉൾപ്പെടുന്ന ഒരു രഹസ്യാന്വേഷണ ശൃംഖലയായ ഫൈവ് ഐസ് ആണ് വിവരം ശേഖരിച്ചത്. അതേസമയം, കാനഡയുടെ ചാര ഏജൻസികൾ ശേഖരിച്ച കാര്യങ്ങളെക്കുറിച്ച് ട്രൂഡോ ഒരു വിശദാംശവും നൽകിയിട്ടില്ല. അദ്ദേഹത്തിന്റെ ഓഫീസ് റിപ്പോർട്ട് സ്ഥിരീകരിക്കുകയോ നിരസിക്കുകയോ ചെയ്തിട്ടില്ല.
പ്രധാനമന്ത്രി ട്രൂഡോ ഉന്നയിച്ച ആരോപണങ്ങളിൽ ഞങ്ങൾ അതീവ ഉത്കണ്ഠാകുലരാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞു. ഈ വിഷയത്തിൽ ഇതുവരെ അഭിപ്രായം രേഖപ്പെടുത്തിയ ഏറ്റവും മുതിർന്ന യുഎസ് ഉദ്യോഗസ്ഥനാണ് ബ്ലിങ്കെൻ.