കോഴിക്കോട് - ഇറാന്‍ ക്ലബ് സെപാഹന്‍ ഇസ്ഫഹാനിന് അഞ്ച് വര്‍ഷം കളിച്ച ഹജര്‍ ദബ്ബാഗി ഇനി ഗോകുലം കേരള എഫ്.സിയുടെ ബൂട്ടണിയും. ഇറാന്‍ ലീഗില്‍ നൂറിലധികം ഗോളുകള്‍ നേടിയിട്ടുണ്ട്. ദബ്ബാഗിയുടെ ആദ്യ വിദേശ ക്ലബ്ബാണ് ഗോകുലം. സെക്കന്‍ഡ് സ്‌ട്രൈക്കര്‍, അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ എന്നീ റോളുകളില്‍ മികവ് പുലര്‍ത്താന്‍ കഴിയും. ഇറാന്‍ ജഴ്‌സിയില്‍ 60 മത്സരങ്ങളില്‍ 24 ഗോളുകള്‍ നേടിയിട്ടുണ്ട്.
നവംബര്‍ 6 മുതല്‍ തായ്‌ലന്‍ഡില്‍ നടക്കുന്ന ഏഷ്യന്‍ വനിതാ ക്ലബ് ചാമ്പ്യന്‍ഷിപ്പിനായി ഗോകുലം തയ്യാറെടുക്കുകയാണ്. ഘാനക്കാരി സ്‌ട്രൈക്കര്‍ വെറോണിക്ക അപ്പിയയെയും ഘാന ഗോള്‍കീപ്പറായ ബിയാട്രിസ് എന്റ്റിവയെയും ഗോകുലം നിലനിര്‍ത്തി. അഞ്ച് തവണ ചൈനീസ് തായ്‌പേയ് വനിതാ ലീഗ് ചാമ്പ്യന്‍മാരായ ഹുവാലിയന്‍, ജപ്പാനിലെ നദേശിക്കോ ലീഗിലെ ചാമ്പ്യന്‍മാരായ ഉറവ റെഡ് ഡയമണ്ട്‌സ് ലേഡീസ്, ബാങ്കോക്ക് എഫ്‌സി എന്നീ ടീമുകള്‍ക്കൊപ്പമാണ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗോകുലം കളിക്കുക.