ന്യൂദൽഹി- കരുവന്നൂർ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് തന്റെ പ്രസ്താവന വളച്ചൊടിച്ചുവെന്ന് മന്ത്രി എം.ബി രാജേഷ്. കരുവന്നൂരിലെ തട്ടിപ്പ് ഗൗരവമുള്ളതാണെന്നും, അതിനേക്കാൾ എത്രയോ മടങ്ങ് വലുപ്പമുള്ള ബാങ്ക് തട്ടിപ്പുകൾ ഇന്ത്യയിൽ പലയിടത്തും നടന്നപ്പോഴൊന്നും കാണിക്കാത്ത ഉത്സാഹം കേന്ദ്ര ഏജൻസികൾ കരുവന്നൂരിൽ കാണിക്കുന്നതിൽ രാഷ്ട്രീയ ലക്ഷ്യമുണ്ട് എന്നുമാണ് ഇന്നലെ പറഞ്ഞതെന്ന് മന്ത്രി വ്യക്തമാക്കി. തന്റെ വാക്കുകളെ വക്രീകരിച്ച് 'കരുവന്നൂർ വലിയ പ്രശ്‌നമാണോ' എന്ന തലക്കെട്ടാണ് മാതൃഭൂമി ഓൺലൈൻ കൊടുത്തതെന്നും മന്ത്രി ആരോപിച്ചു.
ഇന്നലെ ദൽഹിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നൽകിയ ഉത്തരം, മാതൃഭൂമി ഓൺലൈൻ മാത്രം വളച്ചൊടിച്ച് അങ്ങേയറ്റം തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിലും ഉദ്ദേശിക്കുകയേ ചെയ്യാത്ത വിധത്തിലും കാർഡായി പ്രചരിപ്പിച്ചത് അൽപ്പം വൈകിയാണ് ശ്രദ്ധയിൽപ്പെട്ടത്. മറ്റൊരു ടെലിവിഷൻ ചാനലും പത്ര ഓൺലൈൻ മാധ്യമങ്ങളും ചെയ്യാത്ത നെറികേടാണ് മാതൃഭൂമി ഓൺലൈൻ ഈ വളച്ചൊടിക്കലിലൂടെ ചെയ്തത്. മാത്രമല്ല, പറഞ്ഞത് കൃത്യമായും വസ്തുനിഷ്ഠമായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. മറ്റാരും ചെയ്യാത്ത തരത്തിൽ മാതൃഭൂമി ഓൺലൈൻ മാത്രം ഇങ്ങനെയൊരു വൃത്തികേട് ചെയ്തതിനെക്കുറിച്ച് ഇന്ന് ദൽഹിയിലെ പത്രസമ്മേളനത്തിൽ വിശദമാക്കിയിട്ടുണ്ട്. കരുവന്നൂർ നിസാരവത്കരിച്ചു എന്നതാണ് മാതൃഭൂമി ഓൺലൈൻ നുണപ്രചാരണം നടത്തിയത്. ഇന്നാകട്ടെ മാതൃഭൂമി പത്രം പോലും ആ വ്യാജവാർത്ത ഏറ്റെടുത്തിട്ടില്ല. പക്ഷെ പത്രം കയ്യൊഴിഞ്ഞ ഓൺലൈനിന്റെ വ്യാജവാർത്തയെ ആസ്പദമാക്കി ഒരു 'വ്യാജ വര' പത്രത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പണ്ട് കാർട്ടൂണിസ്റ്റായിരുന്ന ഒരാൾ ഇപ്പോഴും കാർട്ടൂണെന്ന് അവകാശപ്പെട്ട് നടത്തുന്ന വ്യാജവരകൾ ഏറെക്കുറേ എല്ലായിപ്പോഴും നുണപ്രചരണത്തിനുള്ള ഉപാധികളായതുകൊണ്ട് അതിൽ അദ്ഭുതം തോന്നുന്നില്ലെന്നും രാജേഷ് പറഞ്ഞു.