കൊല്ലം- ബിവ്‌റേജസിലെ തിരക്കും കടയടക്കാന്‍ നേരത്തെ വെപ്രാളവും മുതലെടുത്ത് മദ്യപാനികള്‍ക്ക് കോള നിറച്ച കുപ്പി വിറ്റ് കാശുണ്ടാക്കിയ വിരുതന്‍ ഒടുവില്‍ പോലീസ് പിടിയില്‍. മദ്യക്കുപ്പിയില്‍ കോള നിറച്ച് വില കുറച്ചു നല്‍കി പണവും വാങ്ങി മുങ്ങിയ സതീഷ് കുമാറാണ് പിടിയിലായത്.
കൊല്ലം ഓച്ചിറ ആലുംപീടിക പരിസരത്തെ ബിവ്‌റേജിലും ബാറിലുമൊക്കെ മദ്യം വാങ്ങാനെത്തിയവരായിരുന്നു ഇയാളുടെ ഇരകള്‍. തന്റെ കയ്യിലുള്ള മദ്യം വില കുറച്ചു നല്‍കാമെന്നു പറഞ്ഞാണ് ഇയാള്‍ ബിവ്‌റേജസിലെ തിരക്കുള്ള ക്യുവില്‍ നില്‍ക്കുന്നവരെ തന്നോടൊപ്പം കൂട്ടിക്കൊണ്ടുപോയി പറ്റിച്ചിരുന്നത്.
മദ്യം വാങ്ങിയവര്‍ വില കുറച്ചു കിട്ടിയ സന്തോഷത്തില്‍ കുടിച്ചു നോക്കുമ്പോഴാണ് കോളയാണ് കുപ്പിയിലെന്ന് തിരിച്ചറിയുക. ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ട നിരവധി പേര്‍ ബിവറേജസ് മാനേജര്‍ക്ക് പരാതി നല്‍കിയതോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് 'വിദഗ്ധനെ' കണ്ടെത്തുകയായിരുന്നു.
കോള നിറച്ച മദ്യക്കുപ്പിയുമായി പറ്റിക്കാന്‍ തക്കംപാര്‍ത്തു നില്‍ക്കുകയായിരുന്ന സതീഷ് കുമാറിനെ ബിവ്‌റേജസ് ജീവനക്കാരും നാട്ടുകാരും തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു. ആളെ പോലീസില്‍ ഏല്‍പ്പിച്ചെങ്കിലും പരാതിക്കാരുണ്ടായിരുന്നില്ല. തുടര്‍ന്ന് കേസെടുത്ത പോലീസ് ജാമ്യത്തില്‍ വിടുകയായിരുന്നു.