Sorry, you need to enable JavaScript to visit this website.

വിദേശ നയത്തിലെ പേശീബലം

ഇക്കഴിഞ്ഞ ജൂണിൽ ബ്രിട്ടീഷ് കൊളംബിയയിൽ സിക്ക് വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യയുടെ പങ്കാളിത്തത്തിന് കാനഡ ഇതുവരെ വ്യക്തമായ തെളിവുകളൊന്നും നൽകിയിട്ടില്ല. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഈയിടെ പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ കൊലപാതകത്തിന് ഇന്ത്യൻ ബന്ധമുണ്ടെന്ന് വിശ്വസനീയമായ 'ആരോപണങ്ങൾ' ഉണ്ടെന്ന് പറഞ്ഞത് ഇന്ത്യക്ക് വാസ്തവത്തിൽ ഞെട്ടലായിരുന്നു. കാനഡയുടെ അവകാശവാദങ്ങളുടെ ആധികാരികത മാറ്റിനിർത്തിയാൽ, ഇന്ത്യ-കനേഡിയൻ ബന്ധങ്ങളിലെ മാന്ദ്യം കൂടുതൽ ഉറച്ച ഇന്ത്യൻ വിദേശ നയത്തിന്റെ സൂചനകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഈ മാസം ആദ്യം ന്യൂദൽഹിയിൽ നടന്ന ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച ഇന്ത്യ, കഴിഞ്ഞ ഒരു വർഷമായി രാജ്യാന്തര ജിയോ പൊളിറ്റിക്‌സ്ിലെ ശ്രദ്ധാകേന്ദ്രമാണ്. ജനസംഖ്യയിൽ ചൈനയെയും ജി.ഡി.പിയിൽ യു.കെയെയും മറികടന്ന ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നിരവധി രാജ്യ തലസ്ഥാനങ്ങളിൽ റെഡ് കാർപറ്റ് സ്വീകരണം ലഭിച്ചു, പ്രത്യേകിച്ച് ജൂണിൽ വാഷിംഗ്ടണിൽ. ചൈനയുടെ പ്രതിസന്ധിയിലായ സമ്പദ്‌വ്യവസ്ഥയും ഈ വർഷം ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥ ഇന്ത്യയായിരിക്കുമെന്ന പ്രവചനവും തമ്മിലുള്ള വൈരുധ്യവും ശ്രദ്ധേയമാണ്. 
എങ്കിലും ലോക വേദിയിൽ ഇന്ത്യ കൂടുതൽ സുദൃഢമായ പങ്ക് വഹിക്കുന്നതിന് ഇരുണ്ട വശമുണ്ടോ? 'ഇന്നത്തെ യുഗം യുദ്ധമായിരിക്കരുത്' എന്ന മോഡിയുടെ പ്രസ്താവന ഉണ്ടായിരുന്നിട്ടും ഉക്രൈനിലെ യുദ്ധത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ നിലപാട് ഇതിനകം തന്നെ വിമർശനത്തിന് വിധേയമായിട്ടുണ്ട്. കാനഡയുമായുള്ള തർക്കം ഇന്ത്യൻ നയതന്ത്രത്തിന്റെ രണ്ട് അധിക വശങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു: ഒന്നാമതായി, പരമാധികാരത്തെയും പദവിയെയും വെല്ലുവിളിക്കുന്ന നടപടികളിൽ ഇന്ത്യ കൂടുതൽ വിട്ടുവീഴ്ചക്കില്ല. രണ്ടാമതായി, അത്തരം പ്രവൃത്തികൾക്കെതിരെ ശക്തമായ തിരിച്ചടി നൽകാൻ രാജ്യം മടിക്കില്ല.
രസകരമെന്നു പറയട്ടെ, രണ്ടു കാര്യങ്ങളും കാഴ്ചപ്പാടിൽ ചൈനയുമായി ഒത്തുപോകുന്നതാണ്. ഇരുരാജ്യങ്ങളുടെയും വിദേശ നയം അവരുടെ ഭരണകക്ഷികളുടെ ആശയങ്ങളിൽ വേരൂന്നിയതാണ്. ബി.ജെ.പിക്ക് ഹിന്ദു ദേശീയതയും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് മാർക്‌സിസം-ലെനിനിസവും. തങ്ങൾ നാഗരിക രാഷ്ട്രങ്ങളാണെന്ന സ്വയം ധാരണയെ പ്രബലപ്പെടുത്തുന്ന ഈ രാജ്യങ്ങൾ പ്രധാന ആഗോള ശക്തികളായി പരിഗണിക്കപ്പെടണമെന്നും ആഗ്രഹിക്കുന്നു. ഇതുമായി ബന്ധപ്പെട്ട്, ചരിത്രപരമായ അനീതികൾ തിരുത്തേണ്ടതിന്റെ ആവശ്യകതയെ ഇരുരാജ്യങ്ങളും മുറുകെ പിടിക്കുന്നുണ്ട്. പടിഞ്ഞാറും ജപ്പാനുമുണ്ടാക്കിയ ചൈനയുടെ '100 വർഷത്തെ അപമാനം', ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൻ കീഴിലുള്ള ഇന്ത്യയുടെ '200 വർഷത്തെ അപമാനം' എന്നിവ ഇവിടെ ചേർന്നുപോകുന്നു.
ചൈനയെപ്പോലെ ഇന്ത്യയും തിരിച്ചടിക്കുള്ള ഒരു രൂപമായി സാമ്പത്തിക ബന്ധങ്ങൾ ഉപയോഗിക്കാൻ പലപ്പോഴും തയാറായിട്ടുണ്ട്. പ്രത്യേകിച്ചും 1.4 ബില്യൺ ജനങ്ങളുടെ വിശാലമായ വിപണിയിലേക്കുള്ള പ്രവേശനത്തിനുള്ള സാധ്യത. 
കാനഡയും ഇന്ത്യയും അടുത്തിടെ നടത്തിയ പകരത്തിന് പകരമെന്ന പോലെയുള്ള നയതന്ത്ര പുറത്താക്കലുകൾക്ക് ശേഷം ഈ രാജ്യങ്ങൾ തമ്മിലുള്ള ഒരു സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വരാനുള്ള സാധ്യത ഭാവിയിൽ തുലോം വിരളമായിരിക്കുന്നു. യു.കെ ഉൾപ്പെടെ, തങ്ങളുടെ മണ്ണിൽ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിക്കപ്പെടുന്ന മറ്റു രാജ്യങ്ങൾക്കുള്ള മുന്നറിയിപ്പാണിത്: ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര ചർച്ചകൾ നടത്തുന്നത് ബുദ്ധിമുട്ടായേക്കാം.
നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ ഔദ്യോഗിക പങ്കാളിത്തം സംബന്ധിച്ച ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ, അത് ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ വർധിച്ചുവരുന്ന പ്രാമുഖ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. അയൽരാജ്യങ്ങളിലെ, പ്രത്യേകിച്ച് പാക്കിസ്ഥാനിലെ ഭീകര പ്രവർത്തനങ്ങളെ ലക്ഷ്യം വെച്ചുള്ള ഇന്റലിജൻസ്, സൈനിക ഓപറേഷനുകളിൽ ഇന്ത്യ വളരെക്കാലമായി സജീവമാണെന്ന് നയതന്ത്ര വിദഗ്ധർ പറയുന്നുണ്ട്. എന്നാൽ ഒരു പാശ്ചാത്യ രാജ്യത്ത് ഭരണകൂടം സ്‌പോൺസർ ചെയ്യുന്ന കൊലപാതകം കാര്യങ്ങൾ മാറ്റിമറിക്കും. ഉത്തരവാദിത്തമുള്ള ആഗോള ശക്തിയായി സ്വയം പ്രതിഷ്ഠിക്കാനാണ് ഇന്ത്യയുടെ താൽപര്യം എന്നിരിക്കേ വിശേഷിച്ചും. 
ഇത് അമേരിക്കയെയും പ്രതിസന്ധിയിലാക്കും. ഇന്ത്യയെ ദീർഘകാലത്തെ തന്ത്രപരമായ പങ്കാളിയായും ചൈനയുടെ ഉയർച്ചക്കെതിരായ ഒരു കോട്ടയായും അമേരിക്ക കാണുന്നു. ഇന്ത്യയിലെ ജനാധിപത്യ പിന്നോക്കാവസ്ഥയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും ആരോപണങ്ങളെ അമേരിക്ക കുറച്ചുകാണുന്നത് അതുകൊണ്ടാണ്. എന്നാൽ പ്രധാന സഖ്യകക്ഷിയായ ഒരു രാജ്യത്ത് നിയമ വിരുദ്ധമായ കൊലപാതകം നടത്തിയെന്ന ആരോപണം അമേരിക്കക്കും അവഗണിക്കാനാവില്ല. അതുകൊണ്ടാണ് ഇന്ത്യ ഇക്കാര്യത്തിൽ ശക്തമായ നിലപാട് സ്വീകരിക്കുന്നതും കാനഡ പ്രധാനമന്ത്രിയെ പൂർണമായും തള്ളിക്കളയുന്നതും.
ഇൻഡോ-കനേഡിയൻ ബന്ധത്തിലെ മാന്ദ്യം ലോകത്തിലെ ഏറ്റവും ശക്തമായ ഇന്ത്യൻ പ്രവാസി ജനസംഖ്യയെ ദോഷകരമായി ബാധിക്കുമെന്നതാണ് മറ്റൊരു വശം. രാജ്യത്തിന്റെ ചിയർലീഡർമാർ, വെർച്വൽ അംബാസഡർമാർ എന്നീ നിലകളിൽ പ്രവാസ ലോകത്തെ അംഗങ്ങൾ ഇന്ത്യയുടെ ശക്തി സ്രോതസ്സായി വിശേഷിപ്പിക്കപ്പെടുന്നു. പല രാജ്യങ്ങളിലെയും വിദേശ ഇന്ത്യൻ സമൂഹങ്ങളിൽനിന്ന് പ്രധാനമന്ത്രി മോഡിക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിൽ ഇത് പ്രതിഫലിച്ചു. എന്നാലും നിരവധി രാജ്യങ്ങളിലെ സിക്ക് വിഘടനവാദ (ഖലിസ്ഥാനി) വികാരത്തിന്റെ സമീപകാല പുനരുജ്ജീവനം സൂചിപ്പിക്കുന്നത്, ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഗ്രൂപ്പുകൾ ഇന്ത്യയും ആതിഥേയ രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന്റെ ഉറവിടമായി മാറുമെന്നതാണ്.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, ലോക ബാങ്ക് മേധാവി അജയ് ബംഗ, എസ് ആന്റ് പി 500 കമ്പനികളിലെ ഇന്ത്യൻ വംശജരായ 26 സി.ഇ.ഒമാർ എന്നിവരുൾപ്പെടെ പ്രമുഖ അധികാര സ്ഥാനങ്ങളിലേക്കുള്ള ഇന്ത്യൻ വംശജരുടെ ഉയർച്ച ഇന്ത്യക്കും മറ്റു രാജ്യങ്ങൾക്കും ഇടയിൽ ബന്ധങ്ങളുടെ പാലങ്ങൾ നിർമിക്കാൻ സഹായിക്കും. 
എന്നാൽ ഇത് ഉരസലുകൾക്കും കാരണമായേക്കാം. ഇന്ത്യക്ക് പുറത്ത് ലോകത്തിലെ ഏറ്റവും വലിയ സിക്ക് ജനസംഖ്യ കാനഡയിലാണ് എന്നതും കനേഡിയൻ ഗവൺമെന്റിൽ സിക്ക് വംശജനായ ജഗ്മീത് സിംഗിന്റെ നേതൃത്വത്തിലുള്ള ഒരു സഖ്യകക്ഷിയും ഉൾപ്പെടുന്നു എന്നതും ട്രൂഡോയുടെ നിലപാടുകളെക്കുറിച്ച ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. 
ഇത് ഇന്ത്യയുടെ അന്താരാഷ്ട്ര നയതന്ത്രത്തെ എവിടെ കൊണ്ടെത്തിക്കും? ഇന്ത്യ-കനേഡിയൻ ബന്ധങ്ങളിലെ മാന്ദ്യം കൂടുതൽ പേശീബലമുള്ളതും ആക്രമണാത്മകവുമായ ഇന്ത്യൻ വിദേശ നയത്തിന്റെ ആവിർഭാവത്തെ സൂചിപ്പിക്കുന്നുവെന്നാണ് പല വിദേശ നിരീക്ഷകരും കരുതുന്നത്. യൂറോപ്യൻ പാർലമെന്റുമായുള്ള ഇന്ത്യയുടെ ഉരസലും ഒ.ഐ.സിക്കെതിരായ പ്രസ്താവനകളും നേരത്തെ തന്നെ ഇത്തരം സൂചനകൾ നൽകിയിരുന്നു. പരമ്പരാഗതമായ, സഹിഷ്ണുതയിലധിഷ്ഠിതമായ വിദേശ നയത്തിൽനിന്നുളള കൃത്യമായ വ്യതിചലനമായാണ് പലരും ഇതിനെ കാണുന്നത്. ഇത് ഇന്ത്യയുടെ ദീർഘകാല താൽപര്യങ്ങൾക്ക് ഗുണകരമോ എന്നതിന് കാലം തന്നെയാണ് മറുപടി നൽകേണ്ടത്.

Latest News