Sorry, you need to enable JavaScript to visit this website.

ബി.ജെ.പി എം.പിയുടെ വർഗീയ പാരാമർശങ്ങൾ പ്രിവിലേജസ് കമ്മിറ്റിക്ക് വിടണം; ഡാനിഷ് അലി സ്പീക്കർക്ക് കത്തു നൽകി

ഡാനിഷ് അലി

ന്യൂദൽഹി- ബി.ജെ.പി എം.പി രമേഷ് ബിധുരി സഭയിൽ അധിക്ഷേപകരമായ പദപ്രയോഗം നടത്തിയ സംഭവം പ്രിവിലേജ് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ബി.എസ്.പി എം.പി ഡാനിഷ് അലി ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്തു നൽകി. വിഷയത്തിൽ അടിയന്തര അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ചന്ദ്രയാൻ -3 ദൗത്യത്തിന്റെ വിജയത്തെക്കുറിച്ചുള്ള  ചർച്ചയ്ക്കിടെയാണ് അലിയെ ലക്ഷ്യമിട്ട് ബിധുരി ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത്. ബിജെപിയുടെ എംപി ലോക്‌സഭയിൽ നടത്തിയ പ്രസംഗത്തിൽ കടുത്ത വേദനയോടെയാണ് ഞാൻ നിങ്ങൾക്ക് എഴുതുന്നതെന്ന് ഡാനിഷ് അളി പറഞ്ഞു.

ബിധുരി തനിക്കെതിരെ ഉപയോഗിച്ച ആക്ഷേപകരമായ വാക്കുകൾ ബിഎസ്പി എംപി കത്തിൽ നിരത്തി. ഇത് ഏറ്റവും ദൗർഭാഗ്യകരമാണ്, സ്പീക്കർ എന്ന നിലയിൽ നിങ്ങളുടെ നേതൃത്വത്തിൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ ഇത് സംഭവിച്ചു എന്നത് ഈ മഹത്തായ രാഷ്ട്രത്തിലെ ന്യൂനപക്ഷ അംഗവും തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗവുമായ എനിക്ക് ശരിക്കും ഹൃദയഭേദകമാണ്- അലി പറഞ്ഞു.

വിഷയം സഭയുടെ പ്രത്യേകാവകാശ സമിതിക്ക് വിടണമെന്ന്  ഉത്തർപ്രദേശിലെ അംരോഹയിൽ നിന്നുള്ള ബിഎസ്പി എംപി പറഞ്ഞു.

 ഒരു അംഗത്തെ ശിക്ഷിക്കുന്നതിനുള്ള ഒരേയൊരു വഴി ഇതാണ്, അങ്ങനെ നമ്മുടെ രാജ്യത്തിന്റെ അന്തരീക്ഷം കൂടുതൽ മോശമാകില്ല. ഈ വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിടണമെന്ന് അഭ്യർത്ഥിക്കുന്നു- അദ്ദേഹം പറഞ്ഞു.

പരാമർശങ്ങൾ പാർലമെന്ററി രേഖകളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉടൻ തന്നെ ബിധുരിയുടെ സഭയിലെ പെരുമാറ്റത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 

ബിധുരിയുടെ പരാമർശങ്ങൾ ഗൗരവമായി എടുത്ത്, ഭാവിയിൽ ഇത്തരം പെരുമാറ്റം ആവർത്തിച്ചാൽ കർശന നടപടിയെടുക്കുമെന്ന് ദക്ഷിണ ദൽഹിയിൽ നിന്നുള്ള ലോക്‌സഭാംഗത്തിന് ബിർള മുന്നറിയിപ്പ് നൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Latest News