Sorry, you need to enable JavaScript to visit this website.

'ഇനിയും ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷം തരൂ', ഹാരമണിയിച്ച സ്ത്രീകളോടായി മോഡി; കുതന്ത്രമെന്ന് കോൺഗ്രസ്

ന്യൂഡൽഹി - പാർല്ലമെന്റിലും നിയമസഭയിലും വനിതകൾക്ക് 33 ശതമാനം സീറ്റ് സംവരണം ചെയ്ത വനിതാ സംവരണ ബിൽ ഇരു സഭകളിലും പാസാക്കിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ആവേശകരമായ സ്വീകരണമൊരുക്കി സ്ത്രീകൾ. ബി.ജെ.പി ആസ്ഥാനത്തെത്തിയ മോഡിയെ വനിതകൾ ഹാരമണിയിച്ച് സ്വീകരിക്കുകയായിരുന്നു. 
  ശേഷം സദസ്സിനെ അഭിമുഖീകരിച്ച മോഡി, ബി.ജെ.പിക്ക് ഇനിയും ഒറ്റയ്ക്കു ഭരിക്കാൻ ഭൂരിപക്ഷം തരണമെന്നാവശ്യപ്പെട്ടപ്പോൾ ഹർഷാരവങ്ങളോടെയാണ് പ്രവർത്തകരത് സ്വീകരിച്ചത്. ധീരമായ തീരുമാനമെടുക്കാൻ ഒറ്റയ്ക്കു ഭൂരിപക്ഷമുള്ള പാർട്ടി വേണമെന്നു പറഞ്ഞ മോഡി സ്ഥിരതയുള്ള സർക്കാറായതിനാലാണ് വനിതാബിൽ യാഥാർത്ഥ്യമായതെന്നും ഓർമിപ്പിച്ചു. കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനി, നിർമ്മലാ സീതാരാമൻ അടക്കമുള്ളവരും വേദിയിലുണ്ടായിരുന്നു. 
 വനിതാ സംവരണ ബിൽ പാസാക്കിയത് വലിയ രാഷ്ട്രീയനേട്ടമായി ഉപയോഗിക്കാനാണ് ബി.ജെ.പി നീക്കം. എന്നാൽ കോൺഗ്രസ് സർക്കാറിന്റെ കാലത്ത് തുടക്കമിട്ട രാജീവ് ഗാന്ധിയുടെ സ്വപ്‌നം യാഥാർത്ഥ്യമായതിലുള്ള സന്തോഷത്തോടൊപ്പം ബില്ലിൽ ഒ.ബി.സി ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണം നിരാകരിച്ചത് അടക്കമുള്ളവ ചൂണ്ടിക്കാട്ടി ബി.ജെ.പിയുടെ രാഷ്ട്രീയ കുതന്ത്രം തുറന്നുകാട്ടാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.

Latest News