ചണ്ഡീഗഡ് - കുടുംബാംഗങ്ങളെ ബന്ധിയാക്കി മൂന്ന് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു. ഹരിയാനയിലെ പാനിപ്പത്തിൽ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. നാലാംഗ സായുധ സംഘമാണ് ഇതിന് പിന്നിലെന്നും നാടിനെ നടുക്കിയ ക്രൂര സംഭവമുണ്ടായതിന്റെ തൊട്ടടുത്ത പ്രദേശത്ത് വച്ച് ഒരു സ്ത്രീ അക്രമികളാൽ കൊല്ലപ്പെട്ടതായും പോലീസ് പറഞ്ഞു.
മൂർച്ചയേറിയ ആയുധങ്ങളുമായാണ് സംഘം വീട്ടിൽ അതിക്രമിച്ച് കയറിയത്. ശേഷം ആയുധങ്ങൾ കാണിച്ച് കുടുംബാംഗങ്ങളെ ഭയപ്പെടുത്തി കെട്ടിയിടുകയായിരുന്നു. ശേഷം സംഘം മൂന്ന് സ്ത്രീകളെയും കൂട്ടബലാൽസംഗം ചെയ്യുകയായിരുന്നു. അക്രമികൾ വീട്ടിൽനിന്ന് സ്വർണവും പണവും മോഷ്ടിച്ചതായും പോലീസ് വ്യക്തമാക്കി.
സംഭവം നടന്ന സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ അകലെ മറ്റൊരു സ്ത്രീ ആക്രമണത്തിൽ കൊല്ലപ്പെടുകയുമുണ്ടായി. ഭർത്താവിനെ കൊള്ളയടിച്ച ശേഷമായിരുന്നു സ്ത്രീയെ ആക്രമിച്ച് ജീവനെടുത്തത്. സംഭവത്തിന് പിന്നിൽ ഒരേ സംഘം തന്നെയാണെന്നാണ് കരുതുന്നതെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.