കാഠ്മണ്ഡു- വയറുവേദനയുമായി ആശുപത്രിയില്‍ ചികിത്സ തേടിയ 22കാരന്റെ വയറ്റില്‍ 15 സെന്റീമീറ്റര്‍ നീളമുള്ള കത്തി കണ്ടെത്തി. നേപ്പാളിലാണ് സംഭവം. ആശുപത്രിയിലെത്തുന്നതിന് ഒരു ദിവസം മുമ്പ് ഒരു അടിപിടിക്കിടെ യുവാവിന് കുത്തേറ്റിരുന്നു. ഇതിന് പിന്നാലെ ഒരു പ്രാദേശിക ആരോഗ്യ പ്രവര്‍ത്തകന്‍ ഈ മരുന്നിന് സ്റ്റിച്ചിട്ട് കൊടുത്തിരുന്നു. എന്നാല്‍ കത്തിയുടെ ബ്ലേഡ് ഭാഗം യുവാവിന്റെ വയറ്റിനുള്ളിലേക്ക് തറച്ചുകയറിയിരുന്ന കാര്യം ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. കത്തിയുടെ ബ്ലേഡ് ഉള്ളില്‍ തറച്ചിരിക്കുന്നുണ്ടെന്നതിന് യാതൊരു സൂചനയും മുറിവില്‍ പ്രത്യക്ഷമായിരുന്നില്ല. കുത്തേല്‍ക്കുമ്പോള്‍ യുവാവ് മദ്യപിച്ചിരുന്നതിനാല്‍ മുറിവിന് സ്റ്റിച്ചിട്ട ശേഷം ഇയാള്‍ വീട്ടില്‍ പോയി. പിറ്റേ ദിവസം അടിപിടി സംബന്ധിച്ചും കുത്തേറ്റതിനെ പറ്റിയൊന്നും ഇയാള്‍ക്ക് കാര്യമായ ഓര്‍മ്മയില്ലായിരുന്നു. ഇതിനിടെ ശക്തമായ വയറുവേദന തോന്നിയതോടെ ആശുപത്രിയിലെത്തുകയായിരുന്നു. കത്തി ഉള്ളിലുണ്ടായിരുന്നെങ്കിലും യുവാവിന് ഛര്‍ദ്ദിയോ രക്തസ്രാവമോ മറ്റ് അസ്വസ്ഥതകളോ നേരിട്ടില്ല. രക്തത്തിന്റെ നില സാധാരണഗതിയിലുമായിരുന്നു. കുത്തേറ്റ കാര്യം യുവാവ് ആദ്യം ഡോക്ടര്‍മാരോട് പറഞ്ഞിരുന്നില്ല. സ്റ്റിച്ചിന്റെ പാടുകണ്ട ഡോകടര്‍മാര്‍ ഇയാളോട് കാര്യം തിരക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ ഏക്‌സ് റേ അടക്കമുള്ള പരിശോധനകള്‍ക്ക് വിധേയമാക്കി. ഇതോടെയാണ് കത്തി വയറിനുള്ളില്‍ കുടുങ്ങിയെന്ന് കണ്ടെത്തിയത്. വയറിനുള്ളില്‍ ഒരു വശത്ത് നിന്ന് മറ്റൊരു വശത്തേക്ക് സ്വതന്ത്രമായി ചലിക്കുന്ന നിലയിലായിരുന്നു കത്തി. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ കത്തി പുറത്തെടുത്തു. ആശുപത്രിവിട്ട യുവാവ് സുഖംപ്രാപിക്കുന്നതായി അധികൃതര്‍ അറിയിച്ചു.