കോട്ടയം- പുതുപ്പള്ളി തിരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിന്റെ പോരായ്മ പ്രതിഫലിച്ചതായി സി.പി.ഐ. ജനവികാരം മാനിച്ച് വേണ്ട തിരുത്തലുകള്‍ നടത്തണമെന്നും പാര്‍ട്ടി ജില്ലാഘടകം വിലയിരുത്തുന്നു. പുതുപ്പള്ളി തിരഞ്ഞെടുപ്പിലെ രാഷ്ട്രീയവിലയിരുത്തല്‍ നടത്തിയ റിപ്പോര്‍ട്ട് സംസ്ഥാനനേതൃത്വത്തിന് സമര്‍പ്പിച്ചു.
ഒക്ടോബര്‍ നാലിന് പാര്‍ട്ടി ജില്ലാ കൗണ്‍സില്‍, പുതുപ്പള്ളിയിലെ ഫലവും സമകാലിക രാഷ്ട്രീയസ്ഥിതിയും വിലയിരുത്തും. 26, 27 തീയതികളിലാണ് സംസ്ഥാനകൗണ്‍സില്‍ യോഗം. ആ യോഗം റിപ്പോര്‍ട്ടും ചര്‍ച്ചചെയ്യും. ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെത്തുടര്‍ന്നുണ്ടായ സഹതാപവും വൈകാരികമായ അന്തരീക്ഷവും ഫലത്തെ സ്വാധീനിച്ചെന്നും പാര്‍ട്ടി വിലയിരുത്തുന്നു.
ഉമ്മന്‍ചാണ്ടിയുടെ മരണത്തിന്റെ 40-ാം ദിനവും മറ്റും യു.ഡി.എഫ്. വൈകാരികമായി ഉപയോഗിച്ചു. സഹതാപത്തെ വികസന ചര്‍ച്ചകൊണ്ട് നേരിടാനാണ് ഇടതുമുന്നണി തീരുമാനിച്ചത്. പക്ഷേ, വികസന ചര്‍ച്ച ജനം കാര്യമായി പരിഗണിച്ചില്ല. അതിനും മീതെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ സ്മരണകള്‍. ഇടതുമുന്നണി ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിച്ചതെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ല.