Sorry, you need to enable JavaScript to visit this website.

'സോണിയാ ഗാന്ധിയുടെ വീട് കത്തിക്കണം'; വിദ്വേഷ പ്രസംഗവുമായി അസം മുഖ്യമന്ത്രി, കേസെടുക്കണമെന്ന് കോൺഗ്രസ്

ഗുവഹത്തി - മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ സോണിയാ ഗാന്ധിക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയ അസം മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ഹിമാന്ത ബിശ്വ ശർമക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്. മദ്ധ്യപ്രദേശിലെ വിദിഷ ജില്ലയിൽ നടത്തിയ റാലിയിലെ വിദ്വേഷ പ്രസംഗമാണ് പരാതിക്കാധാരം.
  സോണിയാ ഗാന്ധിയുടെ വസതി കത്തിക്കണമെന്നായിരുന്നു ഹിമാന്ത ബിശ്വ ശർമയുടെ ആഹ്വാനം. ഇതിനെതിരെ അസം നിയമസഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ ദേബബ്രത സൈകിയയാണ് പോലീസിൽ പരാതി നൽകിയത്.
 മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥിന്റെ ഹിന്ദുസ്വത്വത്തെ പരിഹസിക്കുന്നതിനിടെ സോണിയാഗാന്ധിയുടെ ഔദ്യോഗിക വസതിയായ 10 ജൻപഥ് കത്തിച്ചുകളയണമെന്നായിരുന്നു ശർമയുടെ നിർദേശമെന്ന് പരാതിയിൽ വ്യക്തമാക്കി. നിയമവാഴ്ച നിലനിൽക്കുന്ന ഒരു രാജ്യത്ത് ബി.ജെ.പി നേതാവ് തെരഞ്ഞെടുപ്പ് വാചാടോപത്തെ അതിന്റെ ഏറ്റവും വൃത്തികെട്ട രൂപത്തിലേക്ക് കൊണ്ടുപോയെന്നും അക്രമത്തിനും തീവെപ്പിനും പ്രേരണ നൽകിയെന്നും സെപ്തംബർ 18
ലെ പ്രസംഗം ഉദ്ധരിച്ച് സൈകിയ പരാതിയിൽ വ്യക്തമാക്കി. 77 വയസുള്ള ഒരു സ്ത്രീയുടെ വസതി അഗ്‌നിക്കിരയാക്കണമെന്ന്‌ ആഹ്വാനം ചെയ്ത ശർമ ഭരണഘടനാപരമായ അധികാരമുള്ള ഒരു വ്യക്തിയാണെന്നും അത്തരമൊരാളിൽനിന്നും ഇത്തരം അനാവശ്യ പ്രസ്താവനകൾ ഉണ്ടാകുന്നത് വഴിതെറ്റിയ ആളുകളെ വീണ്ടും അക്രമത്തിലേക്ക് നയിക്കാനും നേതാക്കൾക്ക് ദോഷം വരുത്താനും ഇടയുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

Latest News