ന്യൂദല്‍ഹി- പാക്കിസ്ഥാനില്‍ കഴിഞ്ഞയാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങുന്ന പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവും നിയുക്ത പ്രധാനമന്ത്രിയുമായ ഇംറാന്‍ ഖാനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. പാക്കിസ്ഥാനില്‍ ജനാധിപത്യം വേരുറപ്പിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അതിനു ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്നും മോഡി പറഞ്ഞു. തിങ്കളാഴ്ച രാത്രി ഒമ്പതു മണിക്കാണ് പ്രധാനമന്ത്രി ഇംറാന്‍ ഖാനെ വിളിച്ചത്. തെരഞ്ഞെടുപ്പു വിജയത്തിനു തൊട്ടുപിന്നാലെ ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ഖാന്‍ വ്യക്തമാക്കിയിരുന്നു. ഫലം വന്ന് നാലു ദിവസത്തിനു ശേഷമാണ് ഇന്ത്യ ഔദ്യോഗികമായി ്ഇംറാന്‍ ഖാന്റെ വിജയത്തില്‍ അഭിനന്ദനമറിയിക്കുന്നത്.
2015 ഡിസംബര്‍ ഇരുവരും തമ്മില്‍ നടന്ന സംഭാഷണവും മോഡി ഓര്‍ത്തെടുത്തതായും അന്നു ചര്‍ച്ച ചെയ്തകാര്യങ്ങള്‍ ഭാവിയില്‍ പരിഗണിക്കുമെന്നും പറഞ്ഞതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇരു നേതാക്കളുടേയും ഫോണ്‍ സംഭാഷണം എത്ര സയമം നീണ്ടു എന്ന് വ്യക്തമല്ല. അയല്‍പ്പക്കത്തെ സമാധാനവും വികസനവുമാണ് ഇന്ത്യയുടെ കാഴ്ചപ്പാടെന്ന് മോഡി അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം കുറിപ്പില്‍ വ്യക്തമാക്കി.