ന്യൂദല്‍ഹി- വനിതാ സംവരണ ബില്‍ രാജ്യസഭയും പാസ്സാക്കി. 215 വോട്ടുകള്‍ക്കാണ് ബില്‍ പാസ്സായത്. ആരും എതിര്‍ത്തില്ല.
പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.സി. വേണുഗോപാല്‍ അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്ത ചര്‍ച്ചക്ക് ശേഷമാണ് ബില്‍ വോട്ടിനിട്ട് പാസ്സാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയും രാജ്യസഭയില്‍ ചര്‍ച്ചക്ക് മറുപടി പറഞ്ഞുകൊണ്ട് പ്രസംഗിച്ചു.
ലോക്‌സഭയില്‍ പരമ്പരാഗതരീതിയില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തിയാണ് ബില്ലിന് അംഗീകാരം നല്‍കിയതെങ്കില്‍ രാജ്യസഭയില്‍ ഇലക്ട്രോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്തി ബില്‍ പാസാക്കിയത്.
ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും മൊത്തം സീറ്റുകളുടെ മൂന്നിലൊന്ന് (33 ശതമാനം) വനിതകള്‍ക്ക് സംവരണം ചെയ്യുന്നതിന് വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് പാസാക്കിയത്.
പാര്‍ലമെന്റിന്റെ ഇരുസഭകളും ബില്‍ പാസാക്കിയെടുത്തെങ്കിലും വനിതാസംവരണം നടപ്പിലാകാന്‍ ഏറെ കാത്തിരിക്കേണ്ടിവരും. മണ്ഡല പുനര്‍നിര്‍ണയവും സെന്‍സസും നടത്തിയതിന് ശേഷമാകും ഇത് നടപ്പാകുക.