ചെന്നൈ- ഇന്ത്യ ചുറ്റാന്‍ തനിച്ച് ബൈക്കില്‍ പുറപ്പെട്ട് ശ്രദ്ധ പിടിച്ചുപറ്റിയ തമിഴ്‌നാട്ടുകാരി രേഷ്മ കാസിം നൂര്‍ ബൈക്കില്‍ സൗദി യാത്രക്കൊരുങ്ങുന്നു. നാടോടി ഹിജാബ് യാത്രികയെന്നു പേരെടുത്ത രേഷ്മ ഇതിനകം ഒമ്പതിനായിരം കിലോമീറ്ററാണ് തനിച്ച് ക്ലാസിക് 350 ബൈക്കോടിച്ചത്.
അഭിനിവേശത്തിന്റെയും ധൈര്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും കഥയാണ് രേഷ്മയുടേത്. ഇന്ത്യയിലുടനീളം കിലോമീറ്ററുകള്‍ താണ്ടുക മാത്രമല്ല, സ്വയം കണ്ടെത്താനുള്ള യാത്ര കൂടിയായിരുന്നുവെന്നാണ് രേഷ്മ പറയുന്നത്.
ഏകയായി ബൈക്ക് യാത്രയെന്ന് സ്വപ്നം ബംഗളൂരുവില്‍നിന്നാണ് ആരംഭിച്ചത്. കര്‍ണാടകയുടെ ഹൃദയഭാഗങ്ങള്‍ കടന്ന് മഹാരാഷ്ട്രയുടെ സൗന്ദര്യം ആസ്വദിച്ച് പൂനെയിലെ തിരക്കേറിയ തെരുവുകളിലൂടെ സഞ്ചരിച്ചു. തുടര്‍ന്ന് ഡാമന്‍ ഡിയുവിലെ പ്രകൃതിരമണീയമായ തീരങ്ങളിലെത്തി.
ഗുജറാത്തിലേക്ക് കടക്കുകയും ബീഹാറിലെ ചരിത്ര വീഥികളിലൂടെ യാത്ര തുടരുകയും ചെയ്ത ശേഷം തന്റെ ബൈക്കുമായി ദല്‍ഹിയിലേക്കും ഉത്തര്‍പ്രദേശിലേക്കും പോയി. ഇവിടെ നില്‍ക്കാതെ നേപ്പാളിലെ വിസ്മയിപ്പിക്കുന്ന ഭൂപ്രകൃതികളിലേക്കും ബൈക്കോടിച്ചു. ഡീലക്‌സ് ഹോട്ടലുകളിലോ റിസോര്‍ട്ടുകളിലോ താമസിച്ചായിരുന്നില്ല യാത്ര. രാത്രി ആകാശത്തിനു താഴെ സുഖപ്രദമായ കൂടാരങ്ങളിലും നാട്ടുകാരുടെ വീടുകളിലുമാണ് രാപ്പാര്‍ത്തത്. ഗുരുദ്വാരകളിലും പെട്രോള്‍ ബങ്കുകളിലും വിശ്രമിച്ചുകൊണ്ടുളള യാത്ര ധീരമായിരുന്നു. മറ്റ് സ്ത്രീകളെ സാമ്പത്തികമായി സ്വതന്ത്രരാക്കാന്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് തന്റെ ദൗത്യമെന്നും രേഷ്മ പറയുന്നു.
അവളുടെ റൂട്ട് ചെന്നൈയില്‍ നിന്ന് സൗദിയിലേക്കുള്ള യാത്രയാണ്.