ന്യൂദല്‍ഹി- തെരുവുനായ പ്രശ്‌നത്തില്‍ ശാശ്വത പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുമെന്ന് സുപ്രീംകോടതി. രണ്ടോ മൂന്നോ ദിവസം വാദം കേള്‍ക്കല്‍ നീണ്ടാലും ഹരജികളില്‍ ഇടക്കാല ഉത്തരവിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ഹരജികളില്‍ ഒക്ടോബര്‍ 18 മുതല്‍ അന്തിമവാദം കേള്‍ക്കല്‍ ആരംഭിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.
മൃഗങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതിനുള്ള കേന്ദ്രനിയമം, വിവിധ സംസ്ഥാനങ്ങള്‍ പാസ്സാക്കിയിട്ടുള്ള നിയമങ്ങള്‍, 2023 ലെയും പഴയതുമായ എബിസി ചട്ടങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാകും ഈ ഹരജികളില്‍ ശാശ്വത പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയെന്നും സുപ്രീം കോടതി അറിയിച്ചു. വൈകാരികമായ വിഷയങ്ങള്‍ കോടതിയില്‍ ഉന്നയിക്കരുതെന്ന് അഭിഭാഷകരോട് കോടതി അഭ്യര്‍ഥിച്ചു. ഹരജിയിലെ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യങ്ങള്‍ മിതത്വം പാലിക്കണെമന്നും ബെഞ്ച് നിര്‍ദേശിച്ചു.
കേസിലെ ഇരു ഭാഗങ്ങളുടെയും വാദം ക്രോഡീകരിക്കുന്നതിന് രണ്ട് അഭിഭാഷകരെ സുപ്രീംകോടതി ചുമതലപ്പെടുത്തി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ അഭിഭാഷകനായ ബിജു പി. രാമന്‍, മൃഗക്ഷേമ ബോര്‍ഡിന്റെ അഭിഭാഷക മനീഷ ടി. കരിയ എന്നിവരെയാണ് നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചത്.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ വി ഗിരി, സ്റ്റാന്റിംഗ് കോണ്‍സല്‍ സി.കെ. ശശി എന്നിവരാണ് സുപ്രീം കോടതിയില്‍ ഹാജരായത്.