ന്യൂഡൽഹി - വിമാനത്തിൽ ടിന്നിലടച്ച ശീതള പാനീയങ്ങൾ വിൽക്കില്ലെന്ന് പ്രഖ്യാപിച്ച് ഇൻഡിഗോ എയർലൈൻ രംഗത്ത്. തങ്ങളുടെ വിമാനങ്ങളിൽ ഇനി ടിന്നിലടച്ച പാനീയങ്ങൾ വാങ്ങാൻ അവസരമുണ്ടാകില്ലെന്നാണ് കമ്പനിയുടെ അറിയിപ്പ്. പകരം യാത്രക്കാർക്ക് ലഘുഭക്ഷണം വാങ്ങുമ്പോൾ ഒരു ഗ്ലാസ് ജ്യൂസോ മറ്റ് പാനീയങ്ങളോ കോംപ്ലിമെന്റായി നൽകാനാണ് പ്ലാൻ.
വിമാനക്കമ്പനിയുടെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങളുണ്ട്. 'ഒരാൾക്ക് ആവശ്യമുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെയുള്ള ഇൻഡിഗോയുടെ തീരുമാനം' പുനപ്പരിശോധിക്കണമെന്ന് രാജ്യസഭാ മുൻ എംപിയും ബി.ജെ.പി നേതാവുമായ സ്വപൻ ദാസ് ഗുപ്ത പ്രതികരിച്ചു. യാത്രക്കാർക്ക് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ പുനഃസ്ഥാപിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് അഭ്യർത്ഥിച്ചതായും സ്വപൻ ദാസ് ഗുപ്ത ട്വീറ്റ് ചെയ്തു.
എന്നാൽ, ഏത് സർവീസും കച്ചവടക്കണ്ണോടെ കണ്ട് വരുമാനമുണ്ടാക്കുന്ന പുതിയ കാലത്ത് ടിന്നിലടച്ച സുരക്ഷിതമല്ലാത്ത പലതിന്റെയും അപകടത്തിൽനിന്നും യാത്രക്കാർക്ക് ആരോഗ്യ സംരക്ഷണം നൽകുന്നതാണ് ഇൻഡിഗോയുടെ തീരുമാനമെന്നും പകരം അവർ വിതരണം ചെയ്യുന്ന ജ്യൂസ് നല്ല ആശയമാണെന്നും പല യാത്രക്കാരും പ്രതികരിച്ചു.
അതിനിടെ, ഗോ ഗ്രീനിനോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ശീതള പാനീയങ്ങളുടെ ക്യാനുകൾ ഒഴിവാക്കാൻ കാരണമെന്ന് ഇൻഡിഗോ വ്യക്തമാക്കി. ലഘുഭക്ഷണത്തിനൊപ്പം ഒരു ഗ്ലാസ് ജ്യൂസ് നൽകുന്നത് ആയിരക്കണക്കിന് ക്യാനുകൾ വലിച്ചെറിയുന്നതിൽ നിന്ന് തടഞ്ഞതായും എയർലൈൻ അധികൃതർ ചൂണ്ടിക്കാട്ടി.