ന്യൂഡൽഹി - പെട്ടി ചുമന്ന് ജനങ്ങളിലേക്കിറങ്ങി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി എം.പി. ഡൽഹിയിലെ ആനന്ദ് വിഹാർ ടെർമിനലിലാണ് രാഹുൽ പോർട്ടറുടെ വേഷത്തിലെത്തി പെട്ടി ചുമന്നത്. ശേഷം പോർട്ടർമാർക്കൊപ്പം ഏറെ സമയം ചെലവിട്ടാണ് അദ്ദേഹം മടങ്ങിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
തൊഴിലാളികളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കുക എന്ന ലക്ഷ്യത്തോടെ നേരത്തെയും രാഹുൽ വിവിധ മേഖലകളിൽ കഴിയുന്നവരുടെ ഇടയിലേക്ക് പോയിരുന്നു. അതിന്റെ തുടർച്ചയാണ് ഇന്ന് രാവിലെ ഡൽഹിയിലുമുണ്ടായത്.
കഴിഞ്ഞ മാസം ആസാദ്പുരിലെ പച്ചക്കറി മാർക്കറ്റിലും പുലർച്ചെ നാലുമണിയോടെ രാഹുൽ അപ്രതീക്ഷിത സന്ദർശനം നടത്തിയിരുന്നു. ഹരിയാനയിലെ സോനിപ്പട്ടിലെ ഒരു ഗ്രാമത്തിൽ നിലമുഴുതും ഞാറ് നട്ടും ഭക്ഷണം പാകം ചെയ്തും കർഷകരുമായി സമയം ചെലവിട്ടതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കർഷകരാണ് ഇന്ത്യയുടെ ശക്തിയെന്നും അവരുടെ പ്രശ്‌നങ്ങൾ കേൾക്കാനും മനസ്സിലാക്കാനും സാധിച്ചാൽ രാജ്യത്തിന്റെ പല പ്രശ്‌നങ്ങൾക്കും എളുപ്പത്തിൽ പരിഹാരമുണ്ടാക്കാനാവുമെന്ന് രാഹുൽ പ്രതികരിച്ചിരുന്നു.