Sorry, you need to enable JavaScript to visit this website.

ഹറമൈന്‍ ട്രെയിന്‍ സൗജന്യ സര്‍വീസ് നിര്‍ത്തി

ജിദ്ദ- മക്ക, ജിദ്ദ, റാബിഗ്, മദീന നഗരങ്ങളെ ബന്ധിപ്പിച്ച് പൂര്‍ത്തിയാക്കിയ ഹറമൈന്‍ ട്രെയിന്‍ പദ്ധതിയില്‍ പരീക്ഷണാര്‍ഥം നടത്തിയിരുന്ന സൗജന്യ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. സെപ്റ്റംബറില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഔദ്യോഗികമായി സര്‍വീസ് തുടങ്ങുന്നതിനു മുന്നോടിയായാണ് സൗജന്യ സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. പ്രതിവര്‍ഷം ആറു കോടി യാത്രക്കാര്‍ക്ക് സേവനം നല്‍കുന്നതിന് മാത്രം ശേഷിയിലാണ് ഹറമൈന്‍ ട്രെയിന്‍ പദ്ധതി രൂപകല്‍പന ചെയ്ത് പൂര്‍ത്തിയാക്കിയിരിക്കുന്നത്. മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും വേഗം കൂടിയ ട്രെയിന്‍ സര്‍വീസായിരിക്കുമിത്.
ട്രെയിനുകളുടെയും പാളങ്ങളുടെയും അനുബന്ധ സൗകര്യങ്ങളുടെയും സുരക്ഷിതത്വം പൂര്‍ണ തോതില്‍ ഉറപ്പു വരുത്തുന്നതിനാണ് മാസങ്ങളോളം പരീക്ഷണ സര്‍വീസുകള്‍ നടത്തിയത്. പദ്ധതിയില്‍ അഞ്ചു റെയില്‍വേ സ്റ്റേഷനുകളാണുള്ളത്. മക്ക, മദീന, റാബിഗ്, ജിദ്ദ എന്നിവിടങ്ങളിലാണ് സ്റ്റേഷനുകള്‍. ജിദ്ദയില്‍ സുലൈമാനിയയിലെ പ്രധാന റെയില്‍വേ സ്റ്റേഷന് പുറമെ പുതിയ ജിദ്ദ എയര്‍പോര്‍ട്ടിലും റെയില്‍വേ സ്റ്റേഷനുണ്ടാകും. ഹറമില്‍ നിന്ന് നാലു കിലോമീറ്റര്‍ ദൂരെ അല്‍ റസീഫ ഡിസ്ട്രിക്ടിലാണ് മക്കയില്‍ 5,03,000 ചതുരശ്ര മീറ്ററിലേറെ വിസ്തീര്‍ണമുള്ള റെയില്‍വേ സ്റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത്.
മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ ഗതാഗത പദ്ധതികളില്‍ ഒന്നാണ് ഹറമൈന്‍ ട്രെയിന്‍ പദ്ധതി. പദ്ധതിക്ക് 6,700 കോടി റിയാലോളമാണ് ചെലവ് കണക്കാക്കുന്നത്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചെലവ് കൂടാതെയാണിത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും പെട്ടവര്‍ക്ക് താങ്ങാന്‍ കഴിയുന്ന നിലക്കുള്ള ടിക്കറ്റ് നിരക്കുകളാകും ഹറമൈന്‍ ട്രെയിന്‍ പദ്ധതിയില്‍ നിലവിലുണ്ടാവുകയെന്ന് ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വരെ വേഗതയുള്ള 35 ട്രെയിനുകളാണ് പദ്ധതിയില്‍ സര്‍വീസിന് ഉപയോഗിക്കുക.
 

Latest News