Sorry, you need to enable JavaScript to visit this website.

പാദപൂജ: സ്‌കൂളിനെതിരെ നടപടിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ

തൃശൂർ- ചേർപ്പ് സി.എൻ.എൻ സ്‌കൂളിൽ മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും നേതൃത്വത്തിൽ ഗുരുവന്ദനം എന്ന പേരിൽ എല്ലാ വിദ്യാർഥികളെ കൊണ്ടും നിർബന്ധിതമായി അധ്യാപകരുടെ കാൽകഴുകി പൂവിട്ട് പൂജിക്കുകയും തല കുമ്പിട്ട് കാൽപാദങ്ങളിൽ നമസ്‌കരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ. സംഭവം വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണം നൽകാൻ ഡി.പി.ഐ സ്‌കൂൾ അധികൃതരോട് ആവശ്യപ്പെട്ടു. സ്‌കൂളിൽ ഗുരുപൂജ നടത്തിയത് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെയല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് പത്രക്കുറിപ്പും പുറത്തിറക്കി.
ഇക്കാര്യത്തിൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിനു ലഭിച്ച പരാതി ഡി.പി.ഐക്ക് കൈമാറും. ചില വിദ്യാർഥി, യുവജന സംഘടനകളാണ് പരാതി നൽകിയത്. പരാതികൾ അന്വേഷിച്ച് നടപടിക്കായി അടുത്ത ദിവസം പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ഗുരു പൂർണിമ ആഘോഷത്തിനാണ് ക്ലാസ് മുറികൾക്ക് മിഥിലാപുരി എന്നു പേരിട്ട് ഗുരുപൂജ നടത്തിച്ചത്. എല്ലാ ജാതി മതസ്ഥരായ കുട്ടികൾക്കും ഇതു ചെയ്യേണ്ടിവന്നു. ഇതിനെതിരെ രക്ഷിതാക്കൾ രംഗത്തെത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പാദപൂജ വിഷയത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും വാദമുഖങ്ങൾ ഉയരുന്നുണ്ട്. ഗുരുക്കൻമാരുടെ കാൽ തൊട്ടു വന്ദിക്കുന്നതിൽ തെറ്റില്ലെന്ന് ഒരു വിഭാഗം വാദമുയർത്തുന്നുണ്ട്. എന്നാൽ ഇത് തെറ്റാണെന്നും കുട്ടികളിൽ അന്ധവിശ്വാസം വളർത്താനേ ഇതുപകരിക്കൂവെന്നും മറുവിഭാഗം വാദിക്കുന്നു.
മൂവായിരത്തോളം കുട്ടികളാണ് ഈ സ്‌കൂളുകളിൽ പഠിക്കുന്നത്. 
മിഥിലാപുരിയെന്ന് പേരിട്ട ക്ലാസ് മുറിയിൽ നിലവിളക്ക് കൊളുത്തി അതിനു മുന്നിൽ കസേരയിലിരുന്ന അധ്യാപകനെ വിവിധ മതസ്ഥരായ പെൺകുട്ടികൾ അടക്കമുള്ള വിദ്യാർഥികളെക്കൊണ്ട് പുഷ്പാർച്ചന നടത്തി അധ്യാപകന്റെ പാദം തൊട്ട് വന്ദിക്കുന്ന ഗുരുപൂജയാണ് നടത്തിയത്. 
ബ്ലാക്ക്‌ബോർഡിൽ സംസ്‌കൃത ശ്ലോകങ്ങളും എഴുതിയിട്ടിരുന്നു. പല വിദ്യാർഥികൾക്കും ഗുരുപൂജ ചെയ്യാൻ എതിർപ്പുണ്ടായിരുന്നതായും പറയുന്നു.
വിഷയം സോഷ്യൽ മീഡിയയിലും സജീവ ചർച്ചയായി.
എന്നാൽ വിദ്യാർഥികളെക്കൊണ്ട് നിർബന്ധിച്ച് അധ്യാപകരുടെ പാദപൂജ നടത്തിയെന്ന പ്രചാരണം ശരിയല്ലെന്ന് സ്‌കൂൾ മാനേജർ ഇ. ബാലഗോപാൽ പറഞ്ഞു. ഗുരുവന്ദനം പരിപാടി എല്ലാ വർഷവും സ്‌കൂളിൽ നടന്നു വരുന്നതാണെന്നും, ഈ വർഷം സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിൽ ഗുരുവന്ദനം പരിപാടി നടത്തണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ വന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അനന്തപുരി ഫൗണ്ടേഷൻ എന്ന സംഘടനയുടെ ഗുരുവന്ദനം എന്ന പേരിലുള്ള ബോധവൽക്കരണ പരിപാടിക്കാണ് വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയിട്ടുള്ളതെന്നും ഇതിനെ സ്‌കൂൾ അധികൃതർ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും വിദ്യാഭ്യാസ ഡയറക്ടർ വാർത്താ കുറിപ്പിൽ വിശദമാക്കി. 
സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.എസ്.എഫ് പ്രവർത്തകർ സ്‌കൂളിലേക്ക് മാർച്ച് നടത്തി. മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ബാലാവകാശ കമ്മീഷൻ, ജില്ലാ വിദ്യാഭ്യാസ മേധാവി എന്നിവർക്ക് പരാതിയും നൽകി. 
ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ്, കെ.എസ്.യു എന്നീ സംഘടനകളും സ്‌കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഡി.വൈ.എഫ്.ഐ ചേർപ്പ് മേഖലാ കമ്മിറ്റി സ്‌കൂളിലേക്ക് നടത്തിയ മാർച്ച് ചേർപ്പ് ബ്ലോക്ക് പ്രസിഡന്റ് ഉദയൻ ഉദ്ഘാടനം ചെയ്തു. എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് എന്നിവർ നടത്തിയ മാർച്ച് സംസ്ഥാന പ്രസിഡന്റ് ആർ.സജിലാൽ ഉദ്ഘാടനം ചെയ്തു. ചേർപ്പ് മണ്ഡലം സെക്രട്ടറി അക്ഷയ് ശങ്കർ അധ്യക്ഷത വഹിച്ചു. കെ.എസ്.യുവിന്റെ പ്രതിഷേധ മാർച്ച് ജില്ലാ പ്രസിഡണ്ട് മിഥുൻ മോഹൻ ഉദ്ഘാടനം ചെയ്തു. ചേർപ്പ് സബ് ഇൻസ്‌പെക്ടർ ഐ.സി.ചിത്തരഞ്ജന്റെ നേതൃത്വത്തിൽ പോലീസ് മാർച്ച് തടഞ്ഞു.
ഗുരുപൂജ നടത്തിയ സ്‌കൂൾ അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് തൃശൂർ ജില്ലാ എക്‌സിക്യൂട്ടീവ് ക്യാമ്പ് അധികൃതരോട് ആവശ്യപ്പെട്ടു. 

 

Latest News