ജി20 ഉച്ചകോടിക്കായി ഇന്ത്യ ഇത്രയേറെ കോടികൾ പൊടിപൊടിക്കേണ്ട കാര്യമുണ്ടോയെന്ന് ചർച്ച ചെയ്യുന്നതിൽ കാര്യമില്ല. ആഗോള കൂട്ടായ്മയുടെ നേതൃപദവി ഇന്ത്യക്കായിരുന്നു. ഇപ്പോഴത് ബ്രസീലിന് കൈമാറി. ഇതിന് മുമ്പ് ഇന്ദിരാഗാന്ധിയുടെ കാലത്തും ഇന്ത്യക്ക് ഇതു പോലെ സ്ഥാനമുണ്ടായിരുന്നു. ചേരിചേരാ രാജ്യങ്ങളുടെ ഉച്ചകോടിക്ക് ഇന്ദ്രപ്രസ്ഥം വേദിയായിട്ടുണ്ട്. ചന്ദ്രയാൻ ദൗത്യത്തിന്റെ തിളങ്ങി നിൽക്കുന്ന നാളുകളിലാണ് ഇന്ത്യ ലോകത്തെ പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്മക്ക് ആതിഥേയത്വം വഹിച്ചത്. യു.എസും കാനഡയും ഫ്രാൻസും ബ്രിട്ടനും സൗദി അറേബ്യയയും യു.എ.ഇയും ജപ്പാനുമെല്ലാം നമ്മുടെ അതിഥികളായെത്തി. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രസിഡന്റെന്ന നിലയിൽ ആദ്യമായാണ് ഇന്ത്യ സന്ദർശിക്കാനെത്തിയത്. അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി വിപുലമായ ചർച്ചകൾ നടത്തി. ഉഭയകക്ഷി പ്രതിരോധ പങ്കാളിത്തം ആഴത്തിലാക്കാനും വൈവിധ്യവത്കരിക്കാനും ഇരു നേതാക്കളും ധാരണയിലെത്തുകയും ചെയ്തു. ബൈഡൻ വാഷിംഗ്ടണിലേക്ക് നേരെ തിരിച്ചു പോവുകയല്ല ചെയ്തത്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത സ്റ്റോപ്പ് വിയറ്റ്‌നാം തലസ്ഥാനമായ ഹനോയ് ആയിരുന്നു. ഇന്ത്യ പോലെ ലോകത്തെ തലയെടുപ്പുള്ള ജനാധിപത്യ ശക്തിയാണ് യു.എസ്. അമേരിക്കൻ പ്രസിഡന്റ് കിഴക്കൻ നാടുകളിൽ കൂടുതൽ സുഹൃത്തുക്കളെ സമ്പാദിക്കാനുള്ള വ്യഗ്രതയിലാണുതാനും. ചൈനയുടെ അടുത്ത രാജ്യങ്ങളോട് പ്രിയം കൂടുതലും. ഫിലിപ്പൈൻസ്, ജപ്പാൻ, വിയറ്റ്‌നാം, ഇന്ത്യ എന്നീ രാജ്യങ്ങളോട് യു.എസിന് പ്രത്യേക താൽപര്യമാണ്.
യു.എസ് പ്രസിഡന്റ് പുറത്തു പോകുമ്പോൾ വിപുലമായ മാധ്യമപ്പട അദ്ദേഹത്തിനൊപ്പമുണ്ടാവും. ഇവരെല്ലാം ജി20 ഉച്ചകോടി നടക്കുന്ന ദൽഹിയിലുമുണ്ടായിരുന്നു. മനുഷ്യാവകാശ സംരക്ഷണത്തിന്റെയും ഉയർന്ന ജനാധിപത്യ ബോധത്തിന്റെയും ലക്ഷണം കൂടിയാണല്ലോ ഇത്. ജി20 ഉച്ചകോടിക്ക് ഒരു ദിവസം മുമ്പാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ദൽഹിയിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയത്.
ഇതിന് സാക്ഷ്യം വഹിക്കാൻ മാധ്യമ സംഘം സ്വാഭാവികമായും ആഗ്രഹിക്കും. എന്നാൽ മോഡിയുടെ വസതിയിൽ നടന്ന ഉഭയകക്ഷി യോഗത്തിൽ പങ്കെടുക്കാൻ മാധ്യമ സംഘത്തിന് സാധിച്ചില്ല. ഇത് വൈറ്റ് ഹൗസിന് അത്ര തന്നെ രസിക്കുന്ന കാര്യമല്ല. വൈറ്റ് ഹൗസിൽ നിന്ന് ഒന്നിലധികം തവണ അഭ്യർഥിച്ചിട്ടും വെള്ളിയാഴ്ച ന്യൂദൽഹിയിൽ നടന്ന ഉഭയകക്ഷി യോഗത്തിന് ശേഷം പ്രസിഡന്റ് ബൈഡനോടും പ്രധാനമന്ത്രി മോഡിയോടും ചോദ്യങ്ങൾ ചോദിക്കാൻ യു.എസിൽ നിന്നുള്ള മാധ്യമ പ്രവർത്തകർക്ക് അവസരം ലഭിച്ചില്ല. ഇക്കഴിഞ്ഞ ജൂണിൽ വൈറ്റ് ഹൗസിൽ നടന്ന മുൻ ഉഭയകക്ഷി സംവാദത്തിൽ ഇന്ത്യയിൽ മുസ്ലിംകൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ചും ഇന്ത്യയിലെ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും യു.എസ് മാധ്യമങ്ങളിൽ നിന്ന് ചോദ്യമുയർന്നിരുന്നു. ജനാധിപത്യം ഇന്ത്യയുടെ ഡി.എൻ.എയിൽ ഉള്ളതിനാൽ ജാതിയുടെയോ മതത്തിന്റെയോ വിവേചനം ഇല്ലെന്ന ശക്തമായ വാദത്തോടെ മോഡി തള്ളിക്കളയുകയാണ് ചെയ്തത്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ബൈഡനും അമേരിക്കൻ സംഘവും വിയറ്റ്‌നാമിലെത്തിയത്.
മാധ്യമ സംഘത്തെ സമാധാനിപ്പിക്കുകയെന്ന ലക്ഷ്യം കൂടി യു.എസ് പ്രസിഡന്റിനുണ്ടായിരിക്കാം. അദ്ദേഹം ന്യൂദൽഹിയിൽ നിന്ന് വിയറ്റ്നാമിലേക്ക് പറന്നെത്തിയ ഉടൻ മനുഷ്യാവകാശങ്ങളെ ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യം ദൽഹിയിൽ വെച്ച് പ്രധാനമന്ത്രി മോഡിയോട് താൻ ഉന്നയിച്ചതായും പറയുകയുണ്ടായി.
'എപ്പോഴും ചെയ്യാറുള്ളത് പോലെ, മനുഷ്യാവകാശങ്ങളെ മാനിക്കേണ്ടതിന്റെ പ്രാധാന്യവും ശക്തവും സമ്പന്നവുമായ ഒരു രാജ്യം കെട്ടിപ്പടുക്കുന്നതിൽ പൗരസമൂഹത്തിനും സ്വതന്ത്ര മാധ്യമങ്ങൾക്കും ഉള്ള സുപ്രധാന പങ്കും ഞാൻ ഉയർത്തി -ബൈഡൻ ഹനോയിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഈ മാസം 20 ന് ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെ കുറിച്ച് യു.എസ് കമ്മീഷൻ ഫോർ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം കോൺഗ്രസിന്റെ വാദം കേൾക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ 18 മുതൽ 22 വരെ നടക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ മധ്യത്തിലാണിത്. ഹരിയാനയിലെ നൂഹിൽ അടുത്തിടെയുണ്ടായ വർഗീയ സംഘർഷം, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ബുൾഡോസർ നീതി, മണിപ്പൂർ മലനിരകളിലെ പള്ളികളിലെ തീപ്പിടിത്തം എന്നിവ ഹിയറിംഗിൽ ഉയർന്നു വരാനിടയുണ്ട്. ഹരിയാന സർക്കാർ ഇതിനകം തന്നെ ബജ്റംഗ്ദളിന്റെ സമ്മർദത്തിലാണ്. രാജ്യത്തെ മതസ്വാതന്ത്ര്യത്തിന്റെ നിലയെക്കുറിച്ച് പാശ്ചാത്യ രാജ്യങ്ങൾ അഭിപ്രായം സ്വരൂപിക്കുന്നത് ഇത്തരം ഹിയറിംഗുകളിലൂടെയാണ്.
ഇന്ത്യക്കാരായ പ്രവാസികൾ കൂടുതലുള്ള രാജ്യമാണ് യു.എസ്. ചൈനക്കടുത്ത് സ്ഥിതി ചെയ്യുന്നതും ജനസംഖ്യയുടെ കാര്യത്തിൽ മുൻപന്തിയിലുമുള്ള ഇന്ത്യ പടിഞ്ഞാറൻ രാജ്യങ്ങൾക്ക് പ്രധാന വിപണി കൂടിയാണ്. അതുകൊണ്ടു തന്നെ ഇന്ത്യയെ പിണക്കാൻ ആർക്കും വലിയ താൽപര്യമുണ്ടാകില്ല.
ജി20 ഉച്ചകോടിക്കെത്തിയ മറ്റൊരു വിശിഷ്ടാതിഥിയാണ് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. എല്ലാവരും തിരിച്ചുപോയി രണ്ടു ദിവസം കഴിഞ്ഞേ കനേഡിയൻ പ്രധാനമന്ത്രിക്ക് തിരിച്ചുപോകാൻ സാധിച്ചുള്ളൂ. അദ്ദേഹമെത്തിയ വിമാനത്തിന്റെ യന്ത്രത്തകരാറായിരുന്നു പ്രശ്‌നം. തിരക്കേറിയ രാഷ്ട്രത്തലവന് പെട്ടെന്ന് തിരിച്ചു പോകാൻ ഇന്ത്യ ബദൽ സംവിധാനമൊരുക്കാൻ തുനിഞ്ഞുവെങ്കിലും ട്രുഡോക്ക് അത് സ്വീകാര്യമായില്ല. കാനഡയിൽ നിന്ന് ബദൽ വിമാനമെത്തിയാണ് അദ്ദേഹം തിരിച്ചുപോയത്. യു.എസിനെ പോലെ തന്നെ ഇന്ത്യക്കാർക്ക് മികച്ച പരിഗണന ലഭിക്കുന്ന രാജ്യമാണ് കാനഡ. ഇന്ത്യ ജനസംഖ്യയിൽ ലോകത്ത് ഒന്നാമതെത്തിയപ്പോൾ കാനഡ സന്തുഷ്ടി പ്രകടിപ്പിച്ചിരുന്നു. മനുഷ്യ വിഭവം കൂടുതലായി അങ്ങോട്ടെത്തുമെന്നത് തന്നെ കാരണം.
ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിവിധ ലോക നേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി സാധാരണ കൂടിക്കാഴ്ചയാണ് നടത്തിയത്. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് നേരെയുള്ള ഖാലിസ്ഥാൻ ഭീഷണി തുടരുന്നതടക്കമുള്ള വിഷയങ്ങൾ മോഡി കൂടിക്കാഴ്ചക്കിടെ ഉന്നയിച്ചു. ട്രൂഡോയെ ഉഭയകക്ഷി ചർച്ചയിൽ നിന്ന് മാറ്റിനിറുത്തിയതിലൂടെ തന്നെ വിഷയത്തിലെ അതൃപ്തി ഇന്ത്യ വ്യക്തമാക്കിയത് ശ്രദ്ധേയമാണ്. കാനഡക്കെതിരെ ഇന്ത്യ സ്വരം കടുപ്പിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഭിന്നത രൂക്ഷമാകുകയാണ് ചെയ്തത്. ഇന്ത്യയിലെ കർഷക സമരത്തെ ജസ്റ്റിൻ ട്രൂഡോ പിന്തുണച്ചിരുന്നു.
ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതൽ സിക്ക് വംശജരുള്ള രാജ്യമാണ് കാനഡ. കാനഡയിലെ രാഷ്ട്രീയ പാർട്ടികളുടെ മുൻനിരയിൽ നിരവധി സിക്ക് വംശജരുണ്ട്. കാനഡയിലെ ഇന്ത്യക്കാരിൽ ഏറ്റവും കൂടുതൽ സിക്ക് വംശജരാണ് (35%). ഇക്കാരണങ്ങളാൽ വോട്ട് ബാങ്കിൽ ചോർച്ചയുണ്ടാകാതിരിക്കാനും ഖാലിസ്ഥാൻ വാദികളുടെ ഇന്ത്യ വിരുദ്ധ നീക്കങ്ങളിൽ ഇടപെടാതെ കനേഡിയൻ ഭരണകൂടം മൗനം പാലിക്കുന്നു. ഇന്ത്യയിൽ നിന്ന് വിദേശ പഠനത്തിന് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ തെരഞ്ഞെടുക്കുന്ന രാജ്യങ്ങളിലൊന്നാണ് കാനഡ. കനേഡിയൻ ജനസംഖ്യയുടെ അഞ്ച് ശതമാനം ഇന്ത്യക്കാരാണ്. കൂടാതെ, വിദേശ വിദ്യാർത്ഥികളിൽ 40 ശതമാനവും ഇന്ത്യക്കാരാണ്. നമ്മുടെ പ്രധാന വാണിജ്യ പങ്കാളി കൂടിയാണ് കാനഡ. ഇത് മുന്നോട്ടു കുതിക്കുന്നതിനിടെ കരിനിഴൽ വീഴ്ത്തിയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ നിർത്തിവെച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങൾ പരിഹരിച്ചതിന് ശേഷം ചർച്ചകൾ പുനരാരംഭിക്കുമെന്നാണ് അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് കാനഡയിലെ മന്ത്രിയുടെ ഇന്ത്യ സന്ദർശനവും റദ്ദാക്കിയിട്ടുണ്ട്. ലോകം ഒരു കുടുംബമെന്ന മുദ്രാവാക്യം മുന്നോട്ട് വെച്ചാണ് ജി20 ഉച്ചകോടി ചേർന്നത്. കൂടുതൽ മിത്രങ്ങളെ സമ്പാദിക്കാനാണ് ഇത്തരം സന്ദർഭങ്ങൾ ഉപയോഗപ്പെടുത്തേണ്ടത്.