റിയാദ് - മധ്യറിയാദിലെ ഡിസ്ട്രിക്ടുകളില്‍ നിയമ ലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ സ്ഥാപിച്ച ജോയിന്റ് ഓപ്പറേഷന്‍സ് റൂമില്‍ പങ്കാളികളായ റിയാദ് നഗരസഭയും പതിനാലു സര്‍ക്കാര്‍ വകുപ്പുകളും സഹകരിച്ച് ഈ വര്‍ഷം ആദ്യ പകുതിയില്‍ നടത്തിയ പരിശോധനകളില്‍ 2,187 നിയമ ലംഘകര്‍ പിടിയിലായി. നിയമ വിരുദ്ധ പ്രവണതകള്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ച് ആറു മാസത്തിനിടെ മധ്യറിയാദ് ഡിസ്ട്രിക്ടുകളില്‍ 5,289 വ്യാപാര സ്ഥാപനങ്ങളിലും കേന്ദ്രങ്ങളിലുമാണ് ജോയിന്റ് ഓപ്പറേഷന്‍സ് റൂം പരിശോധനകള്‍ നടത്തിയത്.
ഇതിനിടെ 1,731 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനു മുന്നോടിയായി നഗരസഭയെ സമീപിക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയും ചെയ്തു. റെയ്ഡുകള്‍ക്കിടെ 865 ടണ്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും 14,838 പേക്കറ്റ് ഭക്ഷ്യവസ്തുക്കളും 30,262 പേക്കറ്റ് മറ്റു വസ്തുക്കളും പിടിച്ചെടുത്തു. ആറു മാസത്തിനിടെ നിയമ വിരുദ്ധമായ 834 വ്യാപാര സ്ഥാപനങ്ങളും കേന്ദ്രങ്ങളും അടപ്പിച്ചു. 69 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തതായും റിയാദ് നഗരസഭ അറിയിച്ചു.