തിരുവനന്തപുരം - വിലക്കയറ്റവും കടുത്ത സാമ്പത്തിക ഞെരുക്കവും കൊണ്ട് ജനങ്ങൾ ബുദ്ധിമുട്ടുന്നതിനിടെ, മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി സർക്കാർ വാടകക്കെടുത്ത ചിപ്‌സൻ ഏവിയേഷന്റെ ഹെലികോപ്ടർ തലസ്ഥാനത്തെത്തി. ഡൽഹി ആസ്ഥാനമായ ചിപ്‌സൻ ഏവിയേഷൻ എന്ന സ്വകാര്യ കമ്പനിയുടെ ഹെലികോപ്ടർ സുരക്ഷാ പരിശോധനകൾക്കായി തിരുവനന്തപുരത്തെ എ.എ.പി ക്യാമ്പ് ഗ്രൗണ്ടിലാണ് എത്തിച്ചത്.
മൂന്നു വർഷത്തേക്കാണ് ചിപ്‌സൺ ഏവിയേഷനുമായി സർക്കാർ ഇന്നലെ അന്തിമ കരാർ ഒപ്പിട്ടത്. പ്രതിമാസം 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് കമ്പനിക്ക് നൽകേണ്ടത്. അധികം വരുന്ന ഓരോ മണിക്കൂറിനും 90,000 രൂപയും നൽകണം. രണ്ട് വർഷത്തേക്കു കൂടി കരാർ നീട്ടാമെന്നും ധാരണ പത്രത്തിലുണ്ട്. പൈലറ്റ് ഉൾപ്പെടെ 11 പേർക്കാണ് ഇതിൽ പറക്കാനാവുക.
നേരത്തെയും പിണറായി സർക്കാർ ഹെലികോപ്ടർ വാടകക്ക് എടുത്തത് വിവാദമായിരുന്നു. അന്ന് കടുത്ത വിമർശങ്ങൾ ഉയർന്നതിന് പിന്നാലെ സർക്കാർ കരാർ പുതുക്കാതെ മുഖം രക്ഷിക്കുകയാണുണ്ടായത്. ഇപ്പോൾ വീണ്ടും കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽകൂടി കടന്നുപോകവെ എന്ത് അടിയന്തിര സാഹചര്യമാണ് ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാനുള്ളതെന്നാണ് വ്യാപകമായി ഉയരുന്ന ചോദ്യം.
മാവോയിസ്റ്റ് ഉൾപ്പെടെ തീവ്രവാദികളുടെയും മയക്കുമരുന്ന് സംഘങ്ങളുടെയും നിരീക്ഷണം, ദുരന്തമേഖലയിലെ പ്രവർത്തനങ്ങൾ തുടങ്ങി ഹെലികോപ്ടർ പോലീസ് ആവശ്യത്തിനെന്നാണ് പറയാറെങ്കിലും മുഖ്യമന്ത്രിയുടെ യാത്രകൾക്കു തന്നെയാണ് ഇത് പ്രധാനമായും ഉപയോഗിക്കുകയെന്നാണ് വിവരം. കഴിഞ്ഞ മാർച്ചിലെ മന്ത്രിസഭാ യോഗത്തിലെ തീരുമാനമനുസരിച്ചാണ് ഹെലികോപ്ടർ വാടകയ്ക്ക് എടുത്തത്.