ന്യൂദല്‍ഹി- പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി മെഹുല്‍ ചോക്‌സിയെ തടഞ്ഞുവെക്കണമെന്ന് ഇന്ത്യ ആന്റിഗ്വ ആന്റ് ബാര്‍ബുഡയോട് ആവശ്യപ്പെട്ടു. കരീബിയന്‍ ദ്വീപുകളില്‍ ഇയാള്‍ അഭയം തേടിയതായി വിവരം ലഭിച്ചതിന് പിന്നാലെയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി.
കര, ജല, വ്യോമ മാര്‍ഗം മെഹുല്‍ ചോക്‌സി ആന്റിഗ്വ വിടാനുള്ള സാധ്യതകള്‍ തടയണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ജോര്‍ജ് ടൗണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വഴിയാണ് ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ സര്‍ക്കാരിനോട് ചോക്‌സിയെ തടഞ്ഞു വെക്കാന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ആഴ്ചയാണ് തനിക്ക് ആന്റിഗ്വയിലെ പാസ്‌പോര്‍ട്ട് ഉണ്ടെന്ന് ഇയാള്‍ വെളിപ്പെടുത്തിയത്. ആ രാജ്യത്തെ പൗരത്വം ലഭിച്ചു എന്നും പറഞ്ഞിരുന്നു. പിഎന്‍ബി തട്ടിപ്പ് കേസിലെ പ്രധാന പ്രതി നീരവ് മോഡിയുടെ അമ്മാവനാണ് മെഹുല്‍ ചോക്‌സി.