ഹോങ്കോംഗ്-നമ്മുടെ നാട്ടിലും ഗള്‍ഫ് നഗരങ്ങളിലുമെല്ലാം ഏറെ പ്രശസ്തമാണ് തായ് ഭക്ഷണ വിഭവങ്ങള്‍.
തായ് ഭക്ഷണം എന്ന് കേള്‍ക്കുമ്പോള്‍ പലരുടെയും മനസില്‍ ആദ്യം ഓടിയെത്തുന്നത് ടാങ്കി ടോം സൂപ്പ്, പാഡ് തായി, ഗ്രീന്‍ കറി എന്നീ വിഭവങ്ങളാണ്. എന്നാല്‍ പലരുടെയും ജീവന് തന്നെ ഭീഷണിയാക്കുന്ന ഒരു തായ് വിഭവമുണ്ട്. തായ് പാരമ്പര്യത്തിന്റെ പേരില്‍ തീന്‍മേശകളില്‍ വിളമ്പുന്ന വിഭവം കഴിച്ചതോടെ 20,000 മരണങ്ങള്‍ക്ക് കാരണമാകുന്നെന്നാണ് റിപ്പോര്‍ട്ട്. ഈ വിഭവത്തെ കുറിച്ചും ഇത് കഴിച്ചവര്‍ക്ക് സംഭവിക്കുന്നതിനെ കുറിച്ചും ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
കോയി പ്ലാ എന്നാണ് ഈ വിഭവത്തിന്റെ പേര്. അസംസ്‌കൃത മത്സ്യങ്ങളും നാരങ്ങാനീരും സുഗന്ധവ്യജ്ഞനങ്ങളും ചേര്‍ത്ത് ഉണ്ടാക്കിയെടുത്ത വിഭവം അതീവരുചികരമാണെന്നാണ് പറയപ്പെടുന്നത്. ഈ വിഭവം ഒരു സ്പൂണ്‍ കഴിച്ചാല്‍ ലിവര്‍ ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്ക് കാരണമാകും. തായ്‌ലാന്‍ഡിലെ ഖോണ്‍ കെയിന്‍, ഇസാന്‍ എന്നീ ദരിദ്ര മേഖലയിലാണ് ഈ വിഭവം ജനപ്രീതി നേടിയിട്ടുള്ളത്.ഈ വിഭവം കഴിച്ചാല്‍ എന്തുകൊണ്ടാണ് ക്യാന്‍സര്‍ വരുന്നതെന്ന ചോദ്യത്തിന്, ഈ മത്സ്യത്തിനുള്ളില്‍ കാണുന്ന പരാന്നഭോജികളായ പുഴുക്കളാണെന്നാണ് പറയപ്പെടുന്നത്. ഫ്‌ളൂക്ക് എന്ന പേരില്‍ അറിയപ്പെടുന്ന ഈ പുഴുക്കള്‍ വലിയ അപകടകാരികളാണ്. തായ്‌ലാന്‍ഡിലെ ഇസാന്‍ മേഖലയില്‍ ഈ വിഭവങ്ങള്‍ കഴിച്ച കൂടുതല്‍ പേരും ഇന്ന് ക്യാന്‍സര്‍ ബാധിതരാണ്. ഒരിക്കല്‍ ഈ പുഴുക്കള്‍ മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചാല്‍ പിത്തരസക്കുഴലുകളില്‍ വര്‍ഷങ്ങളോളം വസിക്കും. ഇത് കരളിന് വീക്കമുണ്ടാകുകയും പിന്നീട് ക്യാന്‍സറിന് കാരണമാകുമെന്നാണ് പഠനത്തില്‍ പറയുന്നത്.