Sorry, you need to enable JavaScript to visit this website.

വെല്ലുവിളിച്ച ശര്‍മയെ തേച്ച് ഹാക്കര്‍മാര്‍; അക്കൗണ്ടിലേക്കു സംഭാവന ഒരു രൂപ

ന്യൂദല്‍ഹി- ആധാറിന്റെ വിശ്വാസ്യത തെളിയിക്കുന്നതിനായി തന്റെ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തി വെല്ലുവിളിച്ച ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ ആര്‍.എസ്. ശര്‍മയെ  വെറുതെ വിടാതെ  ഹാക്കര്‍മാര്‍. ശര്‍മയുടെ പാന്‍കാര്‍ഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരസ്യപ്പെടുത്തിയതിനു പിന്നാലെ ശര്‍മയുടെ അക്കൗണ്ടില്‍ ഹാക്കര്‍മാര്‍ ഒരു രൂപ നിക്ഷേപിക്കുകയും ചെയ്തു.  
ശര്‍മയുടെ ആധാറുമായി ബന്ധിപ്പിച്ച ഭീം ആപ്പ്, പേടിഎം തുടങ്ങിയ ഇ പേയ്‌മെന്റ് ആപ്ലിക്കേഷനിലൂടെ അക്കൗണ്ടില്‍ ഒരു രൂപയാണ് ഹാക്കര്‍മാര്‍ നിക്ഷേപിച്ചത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടും മറ്റുവിവരങ്ങളും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ശര്‍മയുടെ അക്കൗണ്ടിലേക്കു വേണമെങ്കില്‍ കള്ളപ്പണം നിക്ഷേപിക്കാന്‍ കഴിയുമെന്നാണ് വാദം.  ശര്‍മയുടെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് നിര്‍മിച്ച വ്യാജ ആധാര്‍ കാര്‍ഡ് ഫേസ്ബുക്ക്, ആമസോണ്‍ ക്ലൗഡ് തുടങ്ങിയവ സ്വീകരിച്ചെന്നു മറ്റൊരാള്‍ ട്വീറ്റ് ചെയ്തു. ശര്‍മയുടെ ബാങ്ക് അക്കൗണ്ടുകളും ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ കണ്ടെത്തി. ശര്‍മയുടെ 14 ഇനം വ്യക്തിവിവരങ്ങളാണ് ഹാക്കര്‍മാര്‍ പരസ്യപ്പെടുത്തിയത്.
ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തിയതിനു പിന്നാലെ ഹാക്കര്‍മാര്‍ വ്യക്തിവിവരങ്ങള്‍ പരസ്യപ്പെടുത്തിയെങ്കിലും ഈ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നത് ആധാര്‍ ഡേറ്റാബേസില്‍ നിന്നല്ലെന്നും ഗൂഗിളില്‍നിന്നുള്ള വ്യക്തിവിവരങ്ങളാണെന്നുമാണ് ആധാര്‍ അഥോറിറ്റി വിശദീകരിച്ചത്. ഇതിനുപിന്നാലെയാണു കൂടുതല്‍ വിവരങ്ങള്‍ ഹാക്കര്‍മാര്‍ പുറത്തുവിട്ടത്.
ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നും അതിലെ വിവരങ്ങള്‍ ഉപയോഗിച്ച് ആരെയും ഉപദ്രവിക്കാനാവില്ലെന്നും അവകാശപ്പെട്ടതിനു പിന്നാലെയാണ് ആര്‍.എസ്. ശര്‍മ തന്റെ ആധാര്‍ നമ്പര്‍ ട്വിറ്ററില്‍ പ്രസിദ്ധപ്പെടുത്തിയത്. ഇതുപയോഗിച്ചാല്‍ നിയമനടപടി സ്വീകരിക്കില്ലെന്ന ഉറപ്പ് ലഭിച്ചതോടെ ഒരു മണിക്കൂറിനുള്ളില്‍ ശര്‍മയുടെ സ്വകാര്യ മൊബൈല്‍ നമ്പറും വാട്‌സാപ്പ് പ്രൊഫൈല്‍ ഫോട്ടോയും ജനന തീയതിയും മേല്‍വിലാസവും ഹാക്കര്‍മാര്‍ കണ്ടെത്തി.

 

Latest News