മെല്‍ബണ്‍- പ്രസവ സമയങ്ങളില്‍ ഭര്‍ത്താക്കന്മാരെ ഭാര്യമാരോടൊപ്പം നില്‍ക്കാന്‍ അനുവദിക്കുന്നത് ഇപ്പോള്‍ ഒരു സാധാരണ സംഭവമാണ്. എന്നാല്‍ ഇത്തരത്തില്‍ ഭര്‍ത്താവിനെ പ്രസവ മുറിയില്‍ കയറ്റിയ മെല്‍ബണിലെ ഒരു ആശുപത്രി അധികൃതര്‍ കുടങ്ങി. ഭാര്യയുടെ സിസേറിയന്‍ സമയത്ത് ഒപ്പം നിന്ന് ഭര്‍ത്താവ് ഇപ്പോള്‍ ആശുപത്രി അധികൃതര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. സിസേറിയന് സാക്ഷ്യം വഹിച്ചതിലൂടെ തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടായി എന്നാരോപിച്ചാണ് ഇയാള്‍ കേസ് കൊടുത്തിരിക്കുന്നത്. ഒരു ബില്യണ്‍ ഡോളര്‍ ആശുപത്രി അധികൃതര്‍ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് ആവശ്യം.
2018ലാണ് ഇന്ത്യന്‍ വംശജനായ അനില്‍ കൊപ്പുള എന്ന ആള്‍ മെല്‍ബണിലെ റോയല്‍ വിമന്‍സ് ഹോസ്പിറ്റലില്‍ നടന്ന തന്റെ ഭാര്യയുടെ സിസേറിയന്‍ ശസ്ത്രക്രിയയ്ക്ക് സാക്ഷിയായത്. പ്രസവം കാണാന്‍ തന്നെ പ്രോത്സാഹിപ്പിക്കുകയും ആശുപത്രി അനുമതി നല്‍കുകയും ചെയ്തതായി അനില്‍ കൊപ്പുള ആരോപിക്കുന്നു. ശസ്ത്രക്രിയ കണ്ടതോടെ തന്റെ മാനസികനില വഷളായെന്നും ഇതിന് ആശുപത്രി അധികൃതര്‍ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ഇയാളുടെ ആവശ്യം.
മാനസിക അസ്വാസ്ഥ്യം മൂലം തന്റെ രണ്ടാം വിവാഹം മുടങ്ങിയെന്നും അതിനാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും കോടതി വാദത്തിനിടെ ഇയാള്‍ അവകാശപ്പെട്ടു. ഭാര്യയുടെ അവയവങ്ങളും രക്തവും കാണേണ്ടി വന്നതാണ് തനിക്ക് അസുഖം പിടിപെടാന്‍ ഇടയാക്കിയതെന്ന് കൊപ്പുള അവകാശപ്പെട്ടു. ആശുപത്രി അധികൃതര്‍ ഇയാളുടെ വാദങ്ങള്‍ നിഷേധിച്ചു. കൂടാതെ കോടതിയുടെ വിധിപ്രകാരം നടത്തിയ വൈദ്യ പരിശോധനയില്‍ യാതൊരു വിധത്തിലുള്ള മാനസിക ബുദ്ധിമുട്ടുകളും ഇയാള്‍ക്ക് ഇല്ലെന്നും കണ്ടെത്തി. തുടര്‍ന്ന് ജഡ്ജി ജെയിംസ് ഗോര്‍ട്ടണ്‍ കേസ് തള്ളിക്കളഞ്ഞു.