ഒട്ടാവ- ന്യൂദൽഹി- ഇന്ത്യയെ പ്രകോപിപ്പിക്കാനോ സംഘർഷം വർധിപ്പിക്കാനോ താൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ സിഖ് വിഘടനവാദിയുടെ കൊലപാതകം ഇന്ത്യ അതീവ ഗൗരവത്തോടെ കാണണമെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ഞങ്ങൾ ആരെയും പ്രകോപിപ്പിക്കാനോ സംഘർഷം വർദ്ധിപ്പിക്കാനോ ശ്രമിക്കുന്നില്ലെന്നും ജസ്റ്റിൻ ട്രൂഡോ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 'എല്ലാം വ്യക്തമാക്കുന്നതിനും ശരിയായ പ്രക്രിയകൾ ഉണ്ടെന്ന് ഉറപ്പാക്കുന്നതിനും ഞങ്ങൾ ഇന്ത്യൻ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവെന്നും അദ്ദേഹം വ്യക്തമാക്കി.
ഖാലിസ്ഥാൻ വാദി നേതാവ് ഹർദീപ് സിംഗ് നിജ്ജർ വാൻകൂവറിൽ കൊല്ലപ്പെട്ടതിനു പിന്നിൽ ഇന്ത്യയുടെ കരങ്ങളുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുകയായിരുന്നു. ഇരുരാജ്യങ്ങളും പരസ്പരം നയതന്ത്ര പ്രതിനിധികളെ പുറത്താക്കി. കനേഡിയൻ പാർലമെന്റിലാണ് പ്രധാനമന്ത്രി ഇന്ത്യക്കെതിരെ ആരോപണമുന്നയിച്ചത്. പിന്നാലെ ഓട്ടവ ഇന്ത്യൻ എംബസിയിലെ ഇന്റലിജൻസ് ചുമതലയുള്ള ഉദ്യോഗസ്ഥനോട് രാജ്യം വിടാൻ ആവശ്യപ്പെടുകയും ചെയ്തു. കാനഡയുടെ നടപടിയോട് രൂക്ഷമായാണ് ഇന്ത്യ പ്രതികരിച്ചത്. ന്യൂദൽഹിയിലെ കനേഡിയൻ ഹൈക്കമ്മീഷണറെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി ഹൈക്കമ്മീഷനിലെ ഉന്നത ഉദ്യോഗസ്ഥനെ പുറത്താക്കിയതായും അഞ്ച് ദിവസത്തിനകം ഇയാൾ രാജ്യം വിടണമെന്നും അറിയിച്ചു. കനേഡിയൻ നയതന്ത്ര പ്രതിനിധികൾ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇക്കഴിഞ്ഞ ജൂൺ 18 നാണ് നിജ്ജൽ വാൻകൂവറിൽ ബൈക്കിലെത്തിയ അജ്ഞാതന്റെ വെടിയേറ്റ് മരിക്കുന്നത്. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച നിജ്ജർ ഖാലിസ്ഥാൻ വാദികളുടെ പ്രമുഖ നേതാവായിരുന്നു. സംഭവത്തിൽ കനേഡിയൻ പോലീസിന്റെ അന്വേഷണം പുരോഗമിക്കവേയാണ് ഇന്ത്യയെ കുറ്റപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി ട്രൂഡോയുടെ വെളിപ്പെടുത്തൽ. ആരോപണം അസംബന്ധമെന്ന്് പറഞ്ഞ് ഇന്ത്യ തള്ളിക്കളഞ്ഞപ്പോൾ അമേരിക്ക കാനഡയുടെ വാദത്തെ പിന്തുണക്കുകയാണ്.
അതേസമയം, ട്രൂഡോയുടെ അവകാശവാദങ്ങൾ ഇന്ത്യ തള്ളി. കാനഡയിലെ ഏതെങ്കിലും അക്രമ പ്രവർത്തനങ്ങളിൽ ഇന്ത്യാ ഗവൺമെന്റിന്റെ പങ്കാളിത്തം സംബന്ധിച്ച ആരോപണങ്ങൾ അസംബന്ധമാണെന്ന വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ''സമാനമായ ആരോപണങ്ങൾ കനേഡിയൻ പ്രധാനമന്ത്രി ഞങ്ങളുടെ പ്രധാനമന്ത്രിയോട് ഉന്നയിച്ചു, അവ പൂർണ്ണമായും നിരസിച്ചു,'' അതിൽ പറയുന്നു.