Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

EXPLAINER: ഇന്ത്യക്കും കാനഡക്കുമിടയില്‍ എന്താണ് പുകയുന്നത്...?

ന്യൂദല്‍ഹി-  ഏതാനും മാസങ്ങളായി ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധങ്ങളില്‍ വളരെയേറെ വിള്ളല്‍ വീണിട്ടുണ്ട്. കാനഡയിലെ ഖലിസ്ഥാന്‍ വാദികള്‍ക്ക് സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നാണ് ഇന്ത്യ കരുതുന്നത്. അവിടെ വളരുന്ന ഖലിസ്ഥാന്‍ അനുകൂല വികാരത്തെ തളക്കാന്‍ കാനഡ ഒന്നും ചെയ്യുന്നുമില്ല. ഇതാണ് ഇന്ത്യയെ പ്രകോപിപ്പിക്കുന്നത്. പണ്ടുമുതലേ ഖലിസ്ഥാനികള്‍ക്ക് വളക്കൂറുള്ള മണ്ണാണ് കാനഡയുടേത്. ആയിരക്കണക്കിന് സിഖുകാരാണ് കാനഡയിലേക്ക് കുടിയേറിയിരിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങൡ ഈയിടെ ഖലിസ്ഥാന്‍ വാദികള്‍ ഇന്ത്യന്‍ സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തുവരികയുണ്ടായി. പലേടത്തും ഇന്ത്യന്‍ എംബസികള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഇതിനെയൊന്നും ഫലപ്രദമായി തടയാന്‍ ആ രാജ്യങ്ങള്‍ ശ്രമിച്ചില്ലെന്ന് ഇന്ത്യക്ക് പരാതിയുണ്ട്, കാനഡ പ്രത്യേകിച്ചും.

ട്രൂഡോയുടെ വെളിപ്പെടുത്തല്‍

ഈ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് ലോകത്തിന്റെ പല ഭാഗങ്ങളിലായി ചില സിഖ് വിഘടനവാദി നേതാക്കള്‍ കൊല്ലപ്പെട്ടത്. ഇതിന് പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ ആണെന്ന് നയതന്ത്രവൃത്തങ്ങളില്‍ സംസാരമുണ്ടായിരുന്നുവെങ്കിലും ഒരു രാജ്യവും പരസ്യമായി അത്തരം പ്രസ്താവനകളൊന്നും നടത്തിയിരുന്നില്ല. എന്നാല്‍ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പരസ്യവിമര്‍ശവുമായി രംഗത്തുവന്നിരിക്കുകയാണ്.
ജൂണില്‍ ബ്രിട്ടീഷ് കൊളംബിയയില്‍ ഒരു സിക്ക് വിഘടനവാദി നേതാവിന്റെ കൊലപാതകവുമായി ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്റുമാരെ ബന്ധിപ്പിക്കുന്ന 'വിശ്വസനീയമായ' വിവരങ്ങള്‍ ഉണ്ടെന്നാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തിങ്കളാഴ്ച പ്രഖ്യാപിച്ചത്. കനേഡിയന്‍ അധികാരികള്‍ ഖലിസ്ഥാന്‍ വാദികളായ സിക്ക് പ്രതിഷേധക്കാരെ അടിച്ചമര്‍ത്താത്തതില്‍ ഇന്ത്യക്ക് അതൃപ്തിയുള്ള സമയത്താണ് ഈ പ്രഖ്യാപനം. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഗണ്യമായി വഷളാക്കിയിരിക്കുകയാണ്.
ആരോപണം 'അസംബന്ധവും രാഷ്ടീയ പ്രചോദിതവും' ആണെന്ന് ചൊവ്വാഴ്ച കേന്ദ്ര സര്‍ക്കാര്‍ വക്താവ് വിശേഷിപ്പിച്ചു.  'സമാനമായ ആരോപണങ്ങള്‍ കനേഡിയന്‍ പ്രധാനമന്ത്രി ഞങ്ങളുടെ പ്രധാനമന്ത്രിയോട് ഉന്നയിച്ചു, അവ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞതാണെന്നും വക്താവ് പറഞ്ഞു. ഇതിന് പിന്നാലെ ഒരു 'പ്രധാന ഇന്ത്യന്‍ നയതന്ത്രജ്ഞനെ' പുറത്താക്കിയതായി കനേഡിയന്‍ അധികൃതര്‍ പറയുന്നു. കാനഡയിലെ ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജന്‍സിയുടെ തലവനാണ് ഈ നയതന്ത്രജ്ഞന്‍. ഇന്ത്യയിലും ഇതിന് സമാനമായ തിരിച്ചടിയുണ്ടായി.

ആരാണ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍?

ഈ വര്‍ഷം ജൂണ്‍ 18 ന് ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ സിക്ക് ക്ഷേത്രത്തിന് പുറത്ത് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ എന്ന ഖലിസ്ഥാന്‍ നേതാവ് വെടിയേറ്റ് മരിച്ചു. ഖലിസ്ഥാന്‍ എന്നറിയപ്പെടുന്ന ഒരു സ്വതന്ത്ര സിഖ് രാഷ്ട്രത്തിനായി നിജ്ജാര്‍ പഞ്ചാബില്‍ പ്രചാരണം നടത്തിയിരുന്നു. ഇന്ത്യന്‍ അധികാരികള്‍ അന്വേഷിക്കുന്ന ഇയാളെ 2020 ജൂലൈയില്‍ 'ഭീകരനായി' പ്രഖ്യാപിച്ചു. കാനഡയിലെ വേള്‍ഡ് സിഖ് ഓര്‍ഗനൈസേഷന്‍ ഓഫ് കാനഡയുടെ അഭിപ്രായത്തില്‍, അയാള്‍ക്കെതിരായ ഭീഷണികളെക്കുറിച്ച് കാനഡയുടെ ചാര ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരുന്നു.
പഞ്ചാബ് സംസ്ഥാനം ഏകദേശം 58% സിഖുകാരും 39% ഹിന്ദുക്കളും ഉള്ളതാണ്. 1980 കളിലും 1990 കളുടെ തുടക്കത്തിലും അക്രമാസക്തമായ ഖാലിസ്ഥാന്‍ വിഘടനവാദ പ്രസ്ഥാനം ആ പ്രദേശത്തെ പിടിച്ചുലച്ചു. അക്രമങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ മരിച്ചു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തില്‍ കലാശിച്ച സുവര്‍ണ ക്ഷേത്രത്തിലെ സൈനിക നടപടിയോടെയാണ് വിഘടനവാദ പ്രസ്ഥാനം ദുര്‍ബലമായത്. ഇന്ന് ആ പ്രസ്ഥാനത്തിന്റെ ഏറ്റവും കൂടുതല്‍ വക്താക്കള്‍ പഞ്ചാബി വിദേശ പ്രവാസികള്‍ക്കിടയിലാണ്.
ഇന്ത്യന്‍ വംശജര്‍ ഏറ്റവുമധികം വസിക്കുന്ന രാജ്യമാണ് കാനഡ. മൊത്തം കനേഡിയന്‍ ജനസംഖ്യയായ 40 ദശലക്ഷത്തില്‍ ഏകദേശം 1.4 ദശലക്ഷം ഇന്ത്യക്കാരാണ്. 2021 ലെ സെന്‍സസ് പ്രകാരം ഏകദേശം 770,000 സിഖുകാരാണ്  അവിടെയുള്ളത്. സ്വന്തം സംസ്ഥാനമായ പഞ്ചാബിന് പുറത്ത് ഏറ്റവും കൂടുതല്‍ സിഖുകാരുള്ളത് കാനഡയിലാണ്. ജൂണില്‍ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ വെടിയേറ്റ് മരിച്ച ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാര സാഹിബിന് പുറത്ത് ഖാലിസ്ഥാന്‍ പതാകകള്‍ കാണാം.

  • ജൂണില്‍ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ വെടിയേറ്റ് മരിച്ച ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാര സാഹിബിന് പുറത്ത് ഖാലിസ്ഥാന്‍ പതാകകള്‍.

 

കാനഡയിലെ ഖലിസ്ഥാന്‍ വിളയാട്ടം

കലാപത്തെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്കിടയിലെ സിഖ്  തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇന്ത്യ പലപ്പോഴും കാനഡയിലെ സര്‍ക്കാരുകള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. 1984ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അവരുടെ അംഗരക്ഷകര്‍ കൊലപ്പെടുത്തിയത് ചിത്രീകരിക്കുന്ന ഒരു ഫ്‌ളോട്ട് അനുവദിച്ചതിന് ജൂണില്‍, കാനഡയെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇത് സിഖ്  വിഘടനവാദികളുടെ അക്രമത്തെ മഹത്വവല്‍ക്കരിക്കുമെന്ന് ഇന്ത്യ കുറ്റപ്പെടുത്തി.
ഇന്ത്യയില്‍ വിഘടനവാദ പ്രസ്ഥാനം പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുന്ന ആരെയും കാനഡ പിന്തുണക്കില്ലെന്ന് 2018ല്‍ ട്രൂഡോ ഇന്ത്യക്ക് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തെയും പ്രതിഷേധക്കാരുടെ ഒത്തുചേരാനുള്ള അവകാശത്തെയും താന്‍ മാനിക്കുന്നുവെന്നും അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞു.

വ്യാപാര ബന്ധങ്ങളില്‍ ഉലച്ചില്‍

2023 അവസാനത്തോടെ സ്വതന്ത്ര വ്യാപാര കരാറിന്റെ രൂപരേഖകള്‍ അംഗീകരിക്കാമെന്ന് ഈ വര്‍ഷം ആദ്യം പറഞ്ഞ ഇരുരാജ്യങ്ങളും ഇപ്പോള്‍ കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മരവിപ്പിച്ചിരിക്കുകയാണ്. 'ചില രാഷ്ട്രീയ സംഭവവികാസങ്ങള്‍' കാരണമാണിതെന്നാണ് കാനഡയുടെ നിലപാട്.
കാനഡയുടെ പത്താമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഒരു ദശാബ്ദത്തിലേറെയായി വ്യാപാര ഇടപാടിനുള്ള പദ്ധതികള്‍ അണിയറയില്‍ നടക്കുന്നുണ്ട്. സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ കണക്കനുസരിച്ച്, 2022ല്‍ ഇരുകൂട്ടരും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം മൊത്തം കനേഡിയന്‍ വ്യാപാരത്തിന്റെ C$ 13.7 ബില്യന്‍ മാത്രമാണ്.

ചൊവ്വാഴ്ച നടത്തിയ പ്രസ്താവനയില്‍ ആരോപണങ്ങള്‍ നിരസിച്ച ഇന്ത്യ, കാനഡക്കുള്ളില്‍നിന്ന് പ്രവര്‍ത്തിക്കുന്ന 'ഇന്ത്യ വിരുദ്ധ ഘടകങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ട്രൂഡോയോട് ആവശ്യപ്പെടുകയും ഒരു മുതിര്‍ന്ന കനേഡിയന്‍ നയതന്ത്രജ്ഞനോട് രാജ്യം വിടാന്‍ ഉത്തരവിടുകയും ചെയ്തതോടെ പ്രശ്‌നം ഗുരുതരമായിരിക്കുകയാണ്.

 

 

 

Latest News