സ്ത്രീകള്‍ ജീവിക്കുന്നത് വിവാഹത്തിനും
ഭര്‍ത്താവിനും വേണ്ടി മാത്രമല്ല
ന്യൂദല്‍ഹി- വിവാഹത്തിനും ഭര്‍ത്താവിനും വേണ്ടി മാത്രമല്ല സ്ത്രീകള്‍ ജീവിക്കുന്നതെന്നും സ്ത്രീകളുടെ ചേലാകര്‍മം അവരുടെ സ്വകാര്യതക്കുമേലുള്ള കടന്നുകയറ്റമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. സ്ത്രീകളുടെ ചേലാകര്‍മം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന റിട്ട ഹരജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു. രാജ്യവ്യാപകമായി സ്ത്രീകളുടെ ലിംഗഛേദം നിരോധിക്കണമെന്നും ജാമ്യമില്ലാ കുറ്റമാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
ഇന്ത്യയില്‍ ദാവൂദി ബോറ സമുദായം തുടരുന്ന രീതി ഈ മാസം ഒമ്പതിന് സുപ്രീം കോടതി ചോദ്യം ചെയ്തിരുന്നു. പെണ്‍കുട്ടികള്‍ക്ക് അപരിഹാര്യമായ ഹാനി വരുത്തുന്ന ആചാരം നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹരജിയില്‍ വാദം കേള്‍ക്കുന്നത്. അമേരിക്ക, ബ്രിട്ടന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളും 27 ആഫ്രിക്കന്‍ രാഷ്ട്രങ്ങളും സ്ത്രീകളുടെ ചേലാകര്‍മം നിരോധിച്ചിട്ടുണ്ടെന്ന് അറ്റോണി ജനറല്‍ ചൂണ്ടിക്കാട്ടി.
ബോറ സമുദായത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന വക്കീല്‍ എ.എം. സിങ്‌വി പുരുഷന്മാരുടെ ചേലാകര്‍മം പരാമര്‍ശിച്ചു. ഇത് എല്ലാ രാജ്യങ്ങളിലും അനുവദിച്ചിട്ടുണ്ടെന്നും മതാചാരമായി അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കാണ് ചേലാകര്‍മം നടത്തുന്നതെന്നും ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും സമ്പൂര്‍ണ നിരോധം ആവശ്യപ്പെട്ട ദല്‍ഹി ആസ്ഥാനമായുള്ള അഭിഭാഷക സുനിത തിവാരി പറഞ്ഞു. ബോറ സമുദായത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും ചേലാകര്‍മം ചെയ്യുന്നുണ്ടെന്നും ചികിത്സയുമായി ബന്ധമില്ലാത്ത ഇതിന് ഖുര്‍ആനില്‍ തെളിവില്ലെന്നും അവര്‍ പറഞ്ഞു.