ന്യൂദല്‍ഹി- കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു കോഴിക്കോട് എം.പി എം.കെ രാഘവനെ അറിയിച്ചു. ഇന്നലെ വൈകുന്നേരം കേന്ദ്രമന്ത്രി നേരിട്ടാണ് ഇക്കാര്യം എം.പിയെ അറിയിച്ചത്. വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിനുള്ള നിര്‍ദേശം എയര്‍ പോര്‍ട്ട് അഥോറിറ്റിക്കും ഡിജിസിഎക്കും നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച എയര്‍പോര്‍ട്ട് അഥോറിറ്റിയുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് മന്ത്രിയുടെ ഓഫീസ് രേഖാമൂലം എം.പിയെ അറിയിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിര്‍ത്തലാക്കിയ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണം, ഹജ് എബാര്‍ക്കേഷന്‍ കേന്ദ്രം പുനഃസ്ഥാപിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്് എം.കെ രാഘവന്‍ 24 മണിക്കൂര്‍ നിരാഹരസമരം നടത്തിയിരുന്നു. തുടര്‍ന്ന് പി.കെ കുഞ്ഞാലികുട്ടി, ഇ. ടി മുഹമ്മദ് ബഷീര്‍, എം.ഐ ഷാനവാസ്, അബ്ദുല്‍ വഹാബ്, എം.കെ രാഘവന്‍ എന്നീ എംപിമാര്‍ കേന്ദ്രമന്ത്രി, ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയിരുന്നു