Sorry, you need to enable JavaScript to visit this website.

'രണ്ട് കൂട്ടർക്കും വിഷമമുണ്ടായി'; ക്ഷേത്രം അവരുടെ ചിട്ടയിൽ പോയി, ജാതി വിവേചനം ആരും അറിയിച്ചില്ലെന്നും തന്ത്രി  

കണ്ണൂർ - ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് ക്ഷേത്രത്തിൽ ജാതി വിവേചനം നേരിട്ടെന്ന വിമർശത്തിൽ പ്രതികരിച്ച് കണ്ണൂർ പയ്യന്നൂർ നമ്പ്യാത്ര കൊവ്വൽ ക്ഷേത്രം തന്ത്രി പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് രംഗത്ത്.
 ദേവസ്വം മന്ത്രി എത്തിയ ദിവസം താൻ ക്ഷേത്രത്തിൽ പോയിട്ടില്ല. എന്താണ് നടന്നതെന്ന് കൃത്യമായി അറിയില്ലെന്നും ആറുമാസം മുമ്പ് നടന്ന സംഭവം തന്നെ അറിയിച്ചിട്ടില്ലെന്നും ക്ഷേത്രം തന്ത്രി പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് പറഞ്ഞു. 
 രണ്ടു കൂട്ടർക്കും വിഷമമുണ്ടായ സംഭവമാണിത്. ഒരാളെ പഴി പറയാൻ പാടില്ല. ക്ഷേത്രം അവരുടെ ചിട്ടയിൽ പോയി. മന്ത്രി ഉന്നത സ്ഥാനത്തിരിക്കുന്ന ആളാണ്. വിളക്ക് കൈമാറരുതെന്ന് ഇല്ല. ആ ക്ഷേത്രത്തിന് പ്രത്യേക ആചാരം ഉണ്ടോയെന്ന് അറിയില്ല. മേൽശാന്തിയുടെ പരിചയക്കുറവും കാരണമായിട്ടുണ്ടാവാം. ആരെയും കുറ്റപ്പെടുത്താനില്ല. തന്ത്രിയെന്ന നിലയിൽ ബന്ധപ്പെട്ടവർ സമീപിച്ചാൽ മാത്രമെ വിഷയത്തിൽ ഇടപെടൂവെന്നും ക്ഷേത്രം തന്ത്രി പ്രതികരിച്ചു.
 ഇന്നലെ കോട്ടയത്ത് നടന്ന ഒരു ചടങ്ങിലാണ് ക്ഷേത്രത്തിന്റെ പേര് പറയാതെ മന്ത്രിയായിട്ടു പോലും തനിക്ക് ജാതി വിവേചനം നേരിടേണ്ടിവന്ന അനുഭവവും അതിന് വേദിയിൽ വച്ചുതന്നെ മറുപടി നൽകിയതും മന്ത്രി വ്യക്തമാക്കിയത്. 'പൈസക്ക് അയിത്തമില്ല, മനുഷ്യനാണ് അയിത്തമെന്നായിരുന്നു' മന്ത്രിയുടെ പ്രതികരണം. 'ദീപം കൊളുത്താനുള്ള വിളക്കുമായി പ്രധാന പൂജാരി വേദിയിലെത്തിയപ്പോൾ വിളക്ക് എനിക്കു നൽകാനാണെന്നാണ് കരുതിയത്. എന്നാൽ, അദ്ദേഹം തന്നെ ദീപം തെളിച്ചു. ആചാരത്തിന്റെ ഭാഗമാകും, അതിനാൽ തൊട്ടുകളിക്കേണ്ടെന്നു കരുതി മാറിനിന്നു. ഇതിനുശേഷം വിളക്ക് സഹപൂജാരിക്കു കൈമാറി. അയാളും ദീപം തെളിച്ചതിനു ശേഷം വിളക്ക് കയ്യിൽ തരാതെ നിലത്തുവച്ചു. ഞാൻ നിലത്തുനിന്ന് എടുത്തു കത്തിക്കട്ടെ എന്നായിരിക്കും അവർ ചിന്തിച്ചത്. പോയി പണിനോക്കാനാണ് പറഞ്ഞതെന്നും' മന്ത്രി വ്യക്തമാക്കി.
  സംഭവത്തിൽ നിയമ നടപടി ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി ഇന്ന് തൃശൂരിൽ പറഞ്ഞു. ഇവരാരും നമ്മെ പൂജിക്കുകയും വാഴിക്കുകയും ചെയ്യണ്ട. മനസ്സിലിപ്പോഴും അവശേഷിക്കുന്ന ദുരവസ്ഥ മാറ്റിയെടുക്കാനാണ് ശ്രമിക്കേണ്ടത്. തനിക്ക് മുൻഗണന കിട്ടിയില്ലെന്നതല്ല വിഷയം. അതിനെ മറികടക്കാനുള്ള കരുത്തെനിക്കുണ്ട്. ജാതി വ്യവസ്ഥ മനസിൽ പിടിച്ച കറയാണ്. കേരളീയ പൊതുസമൂഹം ഇത് അംഗീകരിച്ചു തരില്ലെന്നും ജാതി വ്യവസ്ഥ ഉള്ളിടത്തോളം കാലം അതിനെതിരായ പോരാട്ടം തുടരുമെന്നും ചർച്ചകളിലൂടെയാണ് മാറ്റം ഉണ്ടാക്കേണ്ടതെന്നുമാണ് മന്ത്രിയുടെ നിലപാട്.

Latest News