ന്യൂദല്‍ഹി - പാര്‍ലമെന്റ് പുതിയ മന്ദിരത്തിലേക്ക് മാറുന്നതിന് മുന്നോടിയായി പഴയ മന്ദിരത്തില്‍ അവസാന പ്രത്യേക സമ്മേളനം ചേര്‍ന്നു. ഇനി പുതിയ മന്ദിരമാണ് ഇന്ത്യന്‍ പാര്‍ലമെന്റ് ആയി അറിയപ്പെടുക. പുതിയ ഊര്‍ജ്ജത്തില്‍ ഇന്ത്യ തിളങ്ങുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പഴയ പാര്‍ലമെന്റില്‍ നിന്ന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറുന്ന ചടങ്ങിനിടെ നടന്ന ഫോട്ടോ സെഷനിടെ ബിജെപി എംപി കുഴഞ്ഞുവീണു. ബി ജെ പി എം പി നര്‍ഹരി അമിന്‍ ആണ് കുഴഞ്ഞ് വീണത്. ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭ എം പിയാണ് നര്‍ഹരി അമിന്‍. ഗ്രൂപ്പ് ഫോട്ടോയ്ക്കായി നില്‍ക്കുമ്പോഴാണ് സംഭവം. നിലവിലുള്ള പാര്‍ലമെന്റ് മന്ദിരത്തോട് വിടപരുന്നത് വികാര നിര്‍ഭര നിമിഷമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടന ഇവിടെയാണ് രൂപമെടുത്തത്. ദേശീയ ഗാനത്തിനും, ദേശീയ പതാകക്കും അംഗീകാരം നല്‍കിയ ഇവിടെ വച്ച് വികസിത ഇന്ത്യക്കായി വീണ്ടും പ്രതിജ്ഞയെടുക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. മുത്തലാഖ് നിരോധനത്തിനടക്കം ഇവിടം സാക്ഷിയായെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നാലായിരം നിയമങ്ങള്‍ ഈ മന്ദിരത്തില്‍ നിര്‍മ്മിച്ചു. ജമ്മു കാശ്മീര്‍ പുനഃസംഘടനക്കും ഇവിടം സാക്ഷിയായി. എതിര്‍ശബ്ദങ്ങളെ അവഗണിച്ചാണ് തീവ്രവാദത്തെ ചെറുക്കാന്‍ ജമ്മു കശ്മീര്‍ പുനഃസംഘടന കൊണ്ടുവന്നത്. ഇന്ന് അവിടെ സമാധാനം പുലരുന്നു.