Sorry, you need to enable JavaScript to visit this website.

റിയാദില്‍ നെയ്മാറിനും ഹിലാലിനും വന്‍ ഷോക്ക്

റിയാദ് - ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ നെയ്മാറിന് സുഖകരമല്ലാത്ത അരങ്ങേറ്റം. നാലു തവണ ഏഷ്യന്‍ ചാമ്പ്യന്മാരായ അല്‍ഹിലാലിന് റിയാദിലെ കിംഗ് ഫഹദ് ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ കന്നിക്കാരായ നവ്ബഹോറിനെതിരെ സമനിലയുമായി രക്ഷപ്പെടാന്‍ ഇഞ്ചുറി ടൈമിന്റെ പത്താം മിനിറ്റിലെ ഗോള്‍ വേണ്ടി വന്നു. ഡിഫന്റര്‍ അലി അല്‍ബുലൈഹിയാണ് കളിയുടെ അവസാന സെക്കന്റുകളില്‍ ഹിലാലിന്റെ മാനം കാത്തത്. അമ്പത്തിരണ്ടാം മിനിറ്റില്‍ തോമ തബാതാദ്‌സെ മനോഹരമായ ഫിനിഷിംഗിലൂടെ ഗോള്‍ നേടിയതു മുതല്‍ നവ്ബഹോര്‍ ലീഡ് ചെയ്യുകയായിരുന്നു. ഉസ്‌ബെക്കിസ്ഥാന്‍ സൂപ്പര്‍ലീഗ് റണ്ണേഴ്‌സഅപ്പെന്ന നിലയിലാണ് നവ്ബഹോര്‍ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് കളിക്കുന്നത്. ഹിലാല്‍ ചാമ്പ്യന്‍സ് ലീഗിലും ക്ലബ്ബ് ലോകകപ്പിലും നിലവിലെ റണ്ണേഴ്‌സ്അപ്പാണ്. 
നിരന്തരം ഫൗളുകള്‍ക്ക് വിധേയനായ നെയ്മാറിന് കളിയില്‍ സ്വാധീനം ചെലുത്താനായില്ല. കളി ഒരു മണിക്കൂര്‍ പിന്നിട്ട ഘട്ടത്തില്‍ നെയ്മാറിനെ എതിര്‍ ഡിഫന്റര്‍ വലിച്ചിടുകയും ചവിട്ടുകയും ചെയ്തു. ഏതാനും നിമിഷങ്ങള്‍ക്കു ശേഷം എതിരാളിയെ തള്ളുകയും ദേഷ്യത്തില്‍ പന്ത് ചവിട്ടുകയും ചെയ്തതിന് നെയ്മാര്‍ മഞ്ഞക്കാര്‍ഡ് കണ്ടു. കളി തീരാന്‍ മൂന്നു മിനിറ്റുള്ളപ്പോള്‍ നെയ്മാറിന് മികച്ച അവസരം കിട്ടിയിരുന്നു. ഗോള്‍മുഖത്തുള്ള ഹെഡര്‍ പക്ഷെ ഗോളി ഉത്ഖിര്‍ യൂസുപോവിന് നേരെയായി. ഇഞ്ചുറി ടൈമില്‍ അലക്‌സാണ്ടര്‍ മിത്രോവിച്ചിന്റെ ഷോട്ടും യൂസുപോവ് അദ്ഭുതകരമായി രക്ഷപ്പെടുത്തി. 
ഗ്രൂപ്പ് ഡി-യിലെ മറ്റൊരു മത്സരത്തില്‍ മുംബൈ സിറ്റി മുംബൈയില്‍ ഇറാനിലെ കന്നിക്കാരായ നസാജി മസന്ദാരനോട് 0-2 ന് തോറ്റു. 
ജിദ്ദ പ്രിന്‍സ് അബ്ദുല്ല അല്‍ഫൈസല്‍ സ്റ്റേഡിയത്തില്‍ മുന്‍ ചാമ്പ്യന്മാരായ അല്‍ഇത്തിഹാദ് 3-0 ന് ഉസ്‌ബെക്കിസ്ഥാനിലെ എ.ജി.എം.കെയെ കീഴടക്കി. പരിക്കേറ്റ കരീം ബെന്‍സീമയില്ലാതെയാണ് ഇത്തിഹാദ് കളിച്ചത്. പകരം കളിച്ച ഹാറൂന്‍ കമാറ പത്താം മിനിറ്റില്‍ ടീമിന് ലീഡ് സമ്മാനിച്ചു. റൊമാരിഞ്ഞൊ ആദ്യ പകുതിയില്‍ രണ്ടു തവണ സ്‌കോര്‍ ചെയ്തു. ഗ്രൂപ്പ് സി-യിലെ മറ്റൊരു മത്സരത്തില്‍ ഇറാഖ് എയര്‍ഫോഴ്‌സ് 2-2 ന് 2007 ലെ റണ്ണേഴ്‌സ്അപ്പായ ഇറാനിലെ സെപാഹനെ തളച്ചു. ഇറാഖിലെ ഇര്‍ബിലിലായിരുന്നു മത്സരം. 
ഗ്രൂപ്പ് ബി-യില്‍ മുന്‍ ചാമ്പ്യന്മാരായ അല്‍സദ്ദും യു.എ.ഇയിലെ ഷാര്‍ജയും ഗോളടിക്കാതെ പിരിഞ്ഞു. അല്‍സദ്ദിന്റെ അള്‍ജീരിയന്‍ ഇന്റര്‍നാഷനല്‍ ബഗ്ദാദ് ബൂനജ രണ്ടാം പകുതിയില്‍ കിട്ടിയ പെനാല്‍ട്ടി തുലച്ചു. ജോര്‍ദാനിലെ അല്‍ഫൈസലിയെ ഇഞ്ചുറി ടൈം ഗോളില്‍ ഉസ്‌ബെക്കിസ്ഥാനിലെ നസഫ് തോല്‍പിച്ചു. 
 

Latest News