റിയാദ് - ലൈസൻസില്ലാതെ കൊമ്പുവെക്കൽ ചികിത്സ നടത്തിയ വിദേശിയെ സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് റിയാദിൽ നിന്ന് ആരോഗ്യ മന്ത്രാലയം പിടികൂടി. നിയമ നടപടികൾക്ക് വിദേശിയെ പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കൊമ്പുവെക്കൽ ചികിത്സക്ക് ആരോഗ്യ മന്ത്രാലയം വ്യവസ്ഥകളും മാനദണ്ഡങ്ങളും ബാധകമാക്കിയിട്ടുണ്ട്. ഈ ചികിത്സാ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മന്ത്രാലയം പരിശീലനം നൽകുന്നുണ്ട്. ചികിത്സക്കിടെ പാലിക്കേണ്ട വ്യവസ്ഥകൾ, അണുബാധാ നിയന്ത്രണം, മെഡിക്കൽ മാലിന്യങ്ങൾ സുരക്ഷിതമായി നശിപ്പിക്കൽ, കൊമ്പുവെക്കൽ ചികിത്സക്ക് അനുയോജ്യമായ സ്ഥലങ്ങൾ ശരീരത്തിൽനിന്ന് തെരഞ്ഞെടുക്കൽ, സുരക്ഷിതമായ ചികിത്സ തുടങ്ങിയ കാര്യങ്ങളിൽ ഇവർക്ക് പരിശീലനവും ബോധവൽക്കരണവും നൽകുന്നുണ്ട്. കൊമ്പുവെക്കൽ ചികിത്സ അടക്കമുള്ള ചികിത്സാ മേഖലകളിൽ നിയമ വിരുദ്ധമായി പ്രവർത്തിക്കുന്നവരെ കുറിച്ച് വിവരം നൽകി എല്ലാവരും സഹകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.